ഗ്യാസ് ശ്മശാനം അടഞ്ഞു തന്നെ; സംസ്കാരത്തിന് നെട്ടോട്ടം

വാസു കരിന്തളം

ചോയ്യങ്കോട്: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചൂരിപ്പാറയിലെ ഗ്യാസ് ശ്മശാനം നാലുമാസമായി അടഞ്ഞു കിടക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായി. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കിലോമീറ്ററുകള്‍ അകലെയുള്ള നീലേശ്വരം നഗരസഭയിലെയോ മടിക്കൈ പഞ്ചായത്തിലെയോ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. ശ്മശാനം പ്രവര്‍ത്തനരഹിതമായ വിവരം നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പലതവണപ്പെടുത്തിയിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം ശ്മശാനത്തിന് സമീപത്തെ വീട്ടിലെ ഒരാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ബന്ധുക്കള്‍ കിലോമീറ്ററുകള്‍ അകലെയുള്ള മടിക്കൈയിലേക്ക് കൊണ്ടു പോകേണ്ടിവന്നു.

ചൂരിപ്പാറയിലെ ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍ മൃതദേഹവുമായി പലരും ഇപ്പോഴും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ശ്മശാനം അടഞ്ഞുകിടക്കുന്നത് കണ്ട് തിരിച്ചുപോകേണ്ട സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2021 ഒക്ടോബര്‍ 23നാണ് ചൂരിപ്പാറയിലെ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. അന്നത്തെ എംഎല്‍എ ഇ. ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനം പിന്നീട് അറ്റകുറ്റപ്പണികളുടെ അഭാവം മൂലം പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. ഗ്യാരണ്ടി കാലാവധി നിലനിന്നിരുന്ന സമയത്ത് ശ്മശാനം സ്ഥാപിച്ച കമ്പനിയുടെ ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ കമ്പനി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ക്ക് തയ്യാറാകുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ഗ്യാസ് ശ്മശാനത്തിന്‍റെ തകരാര്‍ അടിയന്തരമായി പരിഹരിച്ച് പ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അറ്റകുറ്റപ്പണി വൈകുകയാണെങ്കില്‍ മുമ്പ് മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന സ്ഥലത്ത് താല്‍ക്കാലികമായെങ്കിലും സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മുമ്പ് ഇവിടെ സാധാരണ രീതിയിലുള്ള മൃതദേഹ സംസ്കാരത്തിന് സൗകര്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും ലഭ്യമല്ല. ഇതോടെ ചൂരിപ്പാറയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. ഉദ്ഘാടന സമയത്ത് മനോഹരമായ സൗകര്യങ്ങളോടെ ഒരുക്കിയ ശ്മശാനം ഇപ്പോള്‍ പരിപാലനമില്ലാതെ ദയനീയാവസ്ഥയിലായെന്നാണ് നാട്ടുകാരുടെ ആരോപണം. ശ്മശാനത്തിന്‍റെ തകരാര്‍ അടിയന്തരമായി പരിഹരിച്ച് പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.