സെപ്റ്റംബര്‍ 5 അധ്യാപക ദിനം. ശരിയായ രാഷ്ട്രബോധത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും മാനവികതയുടെയും വിത്തുകള്‍ കുട്ടികളുടെ ആത്മാവില്‍ പകര്‍ന്നു കൊടുക്കാന്‍ അധ്യാപകന് കഴിയേണ്ടതുണ്ട് . നിര്‍മ്മലവും സത്യസന്ധവും പാവനവുമായ പാഠങ്ങളാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. അധ്യാപകര്‍ പകരേണ്ട പാഠങ്ങള്‍. അധ്യാപകന് അനുഷ്ഠിക്കേണ്ട ധര്‍മ്മത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് അധ്യാപകദിനം. ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി 1962 മുതല്‍ ആചരിച്ചു പോരുന്നു. ഭാരതത്തെ ദാര്‍ശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയര്‍ത്തിയ മഹാനായ ഡോ. എസ്. രാധാകൃഷ്ണന് എന്ന അധ്യാപകനെ അനുസ്മരിക്കുന്ന അധ്യാപകദിനത്തില്‍ മഹത്തായ സാമൂഹിക ഉത്തരവാദിത്വവും കര്‍ത്തവ്യവും പുനരര്‍പ്പണം ചെയ്യാന്‍ ഓരോ അധ്യാപകനും കഴിയണം.
ഒരു തൊഴില്‍ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ ഉന്നതമായ ഒരു സ്ഥാനമാണ് സമൂഹം കല്പ്പിച്ചു നല്‍കിയിട്ടുള്ളത്. ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നില്‍ ദൃശ്യമായോ അദൃശ്യമായോ ഒരു അധ്യാപകന് ഉണ്ടായിരുന്നതായി ചരിത്ര സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകും. ആ സാമൂഹികമായ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുത്താതെ സ്വയം വിലയിരുത്തലിന് തയ്യാറായി നവദര്ശനങ്ങളെ വിഭാവനം ചെയ്യാനും കൈമോശം വന്ന നന്മകള് വീണ്ടെടുക്കാനുള്ള അവസരമാണ് അധ്യാപക ദിനം. ധര്‍മ്മശോഷണവും കര്‍മ്മശോഷണവും മൂല്യശോഷണവും ഒക്കെ സംഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. വിദ്യാഭ്യാസം ഒരു സംസ്കാര പ്രക്രിയയാണ്. വര്‍ഗീയത, വിഭാഗീയത , ലഹരിയാസക്തി, സങ്കുചിത കാഴ്ചപ്പാട്, അഴിമതി, സ്വജനപക്ഷപാതം, ധനാസക്തി, സാമൂഹിക കാഴ്ചപ്പാടിന്റെ അഭാവം, സ്വാര്‍ത്ഥത തുടങ്ങിയ പ്രതിലോമകരമായ കാര്യങ്ങള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിറഞ്ഞാടുമ്പോള്‍ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് മൂല്യ സംരക്ഷകരാകുവാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അധ്യാപകരാണ് .ശരിയായ സാമൂഹിക ചിന്തയിലൂടെ മാത്രമേ ഇത് മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശരിയായ രാഷ്ട്രബോധത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും മാനവികതയുടെയും വിത്തുകള്‍ കുട്ടികളുടെ ആത്മാവില്‍ പകര്‍ന്നു കൊടുക്കാന്‍ അധ്യാപകന് കഴിയേണ്ടതുണ്ട് .നിര്‍മ്മലവും സത്യസന്ധവും പാവനവുമായ പാഠങ്ങളാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത് . കുട്ടികളുടെ മനസ്സില്‍ ഒരിക്കലും വിഷവിത്തുകള്‍ വിതയ്ക്കരുത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം വിജ്ഞാന വിനിമയവും വിജ്ഞാന മാര്ജ്ജിക്കലും അല്ല , മറിച്ച് മൂല്യബോധം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ട വരും ജീവിച്ചു കാണിക്കേണ്ടവരുമാണ് അധ്യാപകര്‍. ഏറ്റവും മൂല്യമുള്ള സത്പ്രവര്‍ത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്. ഡോ. എസ്. രാധാകൃഷ്ണന് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം സ്വഭാവഗുണം ആര്ജ്ജിക്കലാണെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട്. സ്വഭാവഗുണം ആര്‍ജിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസം ആപത്ക്കരവും ഉപയോഗശൂന്യവുമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയുമാകണം അധ്യാപകന്. സാമൂഹ്യപ്രതിബദ്ധതയും സന്മാര്ഗ്ഗ ബോധവുമുള്ള പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കു മുണ്ട്. അധ്യാപകര്‍ സഹരക്ഷിതാക്കളാണ്. അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവഗുണങ്ങള്‍,സവിശേഷതകള്‍, ജീവിതവിശുദ്ധി, വിജ്ഞാനം, അര്‍പ്പണബോധം, ആത്മാര്‍ത്ഥത, പ്രതിബദ്ധത, ധാര്‍മികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. പാഠ്യ പദ്ധതികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്കാന് അധ്യാപകര്‍ക്ക് കടമയുണ്ട്. അധ്യാപകര്‍ അവരുടെ നൈതികത കൈവിട്ടു കളഞ്ഞാല്‍ പൊതുസമൂഹത്തിന് സംഭവിക്കാവുന്ന ദുരന്തമായി അത് മാറും. 'ഞാന്‍ അധ്യാപകനല്ല, ഉണര്‍ത്തുപാട്ടുകാരനാണ് ' എന്ന് പറഞ്ഞത് റോബര്‍ട്ട് ഫ്രോസ്റ്റ് ആണ്.ഒരു ചെറു കോശത്തില്‍ നിന്നാണ് മനുഷ്യന്റെ വളര്‍ച്ച ആരംഭിക്കുന്നത് .മാസ്റ്റേഴ്സ് ഡിഗ്രിയിലേക്ക് ഒരു കോശം വളരുന്നത് കാല്‍നൂറ്റാണ്ടുകളോളം ചെലവിട്ടാണ്. ആ ചെറുകോശത്തിന്റെ നൈസര്‍ഗിക ശേഷി അളന്നു തിട്ടപ്പെടുത്താനാകില്ല. സത്യത്തില്‍ വിദ്യാഭ്യാസ ലക്ഷ്യം ഒരു ചെറു കോശത്തിലെ അപാരമായ സാധ്യതകളെ ഉണര്‍ത്തിവിടുകയാണ്. വിവരശേഖരണത്തിനും വിവരസംസ്കരണത്തിനുമപ്പുറം ജീവിതം എന്ന ദിവ്യ പ്രകാശത്തിലേക്ക് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്ന ഉണര്‍ത്തുപാട്ട് പാട്ടുകാരാകണം അധ്യാപകര്‍. 'എല്ലാ കുട്ടികളും ജീനിയസുകളാണ് 'എന്ന് പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആണ്. ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി, വളര്‍ത്തി അവനെ ജീനിയസാക്കുക എന്നതാണ് അധ്യാപകദൗത്യം. ചിന്തകനായ ഫ്രോബലിന്റെ അഭിപ്രായത്തില്‍ ശിശുവില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അതിന് അധ്യാപകന് നല്ലൊരു ട്രെയ്നറും മെന്ററുമായി മാറണം.ഒരുവനെ ഉത്തമ മനുഷ്യനാക്കി മാറ്റുവാനും അധ്യാപകന് കഴിയണം.
തത്വചിന്തകനായ ജീന്‍ സൈബിലസ് പറഞ്ഞു, 'അധ്യാപകന് തലമുറകളുടെ ശില്പിയാണ്. ' ശിലയില്‍ നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതു പോലെ ഓരോ വിദ്യാര്‍ത്ഥിയെയും ഉത്തമ ശില്പങ്ങളായി വാര്‍ത്തെടുക്കുവാന്‍ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുള്ള രാകിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് താല്പര്യമുള്ള പദ്ധതികളില്‍ സമയം മുഴുകി മസ്തിഷ്കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ഗ്ഗശേഷി ഉണരുക. സര്‍ഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകന് ത്വരിതപ്പെടുത്തണം .അധ്യാപകന് കുട്ടികളെ സ്നേഹിക്കണം. മാര്‍ഗ്ഗദര്‍ശനം നടത്തണം. പ്രേരിപ്പിക്കണം. ദിശാബോധം പകരണം. സൗഹൃദപൂര്‍ണ്ണമായ ആശയവിനിമയം നടത്തണം. ബോധ്യാവബോ ധങ്ങള്‍ ഊട്ടിയുറപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ സഹസഞ്ചാരിയാകണം. സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകുവാനും കഴിയുമ്പോഴെ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണ്ണത കൈവരിക്കുകയുള്ളു.ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിധിയാണ് .അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാന്‍ ഓരോ അധ്യാപകര്‍ക്കും കഴിയട്ടെ. അധ്യാപക ദിന ആശംസകള്‍.