കണ്ണൂര്‍: സിപിഎം നേതാവ് ഇപി ജയരാജന്‍റെ സഹോദരിയുടെ മകന്‍ ശ്യാംജിത്തിനെതിരെ വീണ്ടും വൈദേകം മാനേജ്മെന്‍റ്. ശ്യാംജിത്തിന്‍റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന ശ്യാംജിത്തിന്‍റെ വാദം തെറ്റെന്ന് വൈദേകം ആവര്‍ത്തിക്കുന്നു. ദീപയെ ജോലിയില്‍ നിന്ന് പുറത്താക്കിയത് 5 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയതിനാണെന്നാണ് വാദം. പലരുടേയും പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും വൈദേകം മാനേജ്മെന്‍റ് പറയുന്നു. ഇതിന്‍റെ തെളിവായി വൗച്ചറുകള്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോര്‍ട്ടിന്‍റെ പിആര്‍ഒ എന്ന പേരില്‍ വിസിറ്റിംഗ് കാര്‍ഡ് അടിച്ചുവെന്നും ഇതിനെതിരെ ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎംല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വൈദേകം മാനേജ്മെന്‍റ് വ്യക്തമാക്കി.
ഭാര്യ ദീപയെ വൈദേകം മാനേജ്മെന്‍റ് നിയമം പാലിക്കാതെയാണ് പുറത്താക്കിയതെന്നായിരുന്നു ഇ പി ശ്യാംജിത്ത് ഇന്നലെ പറഞ്ഞത്. തന്‍റെ ഭാഗം വിശദീകരിക്കാന്‍ ദീപയ്ക്ക് അവസരം കൊടുത്തില്ലെന്ന് വിശദീകരിച്ചാണ് ഇന്നലെ ഇദ്ദേഹം ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്. തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സ്ഥാപനത്തിന്‍റെ അധികാരം നിയമത്തിന് അതീതമല്ല. തൊഴിലാളി ദുര്‍ബലനാണെന്ന് കരുതി അവന്‍റെ അവകാശങ്ങള്‍ നിഷേധിക്കരുത്. ടി.കെ ദീപയ്ക്ക് നേരിട്ടത് നീതി നിഷേധമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു. ദീപയെ പുറത്താക്കിയത് 5 ലക്ഷം തിരിമറി നടത്തിയതിനെന്ന് വൈദേകം മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ശ്യാംജിത്ത് രംഗത്ത് വന്നത്. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്‍റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണത്തില്‍ നേരത്തെ ഇ പി ശ്യാംജിത്ത് മലക്കം മറിഞ്ഞിരുന്നു.