ഭാര്യയുടെ കമ്പനിക്ക് വഴിവിട്ട സഹായം? ഗണേഷിനെ കുരുക്കി വിജിലന്‍സ്

തിരുവനന്തപുരം: മില്‍മയുടെയും കേരഫെഡിന്‍റെയും ഉത്പന്നങ്ങള്‍ വിദേശ വിപണിയില്‍ വില്‍ക്കുന്നതിനായി മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍ എന്ന സ്ഥാപനവുമായുണ്ടാക്കിയ കരാറില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ നല്‍കുന്നതില്‍ മത്സരാധിഷ്ഠിത ടെന്‍ഡര്‍ വിളിച്ചില്ലെന്നും കരാര്‍ വ്യവസ്ഥകളില്‍ ഏകീകൃത സ്വഭാവമില്ലെന്നും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. മന്ത്രിയായിരിക്കേ കെ.ബി. ഗണേഷ് കുമാറിന്‍റെ വഴിവിട്ട സ്വാധീനമുപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഉടമയായ ഈ സ്ഥാപനത്തിന് വിദേശ വിപണനക്കരാര്‍ ലഭ്യമാക്കിയതെന്ന് ആരോപിച്ചാണ് പരാതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പരാതി നല്‍കിയത്.

കരാര്‍ നല്‍കിയതില്‍ പരസ്യമായോ മത്സരാധിഷ്ഠിതമായോ ടെന്‍ഡര്‍ വിളിച്ചതായി വിജിലന്‍സിന്‍റെ പരിശോധനയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ മില്‍മയും കേരഫെഡും മിഡ്നൈറ്റ് സണ്‍ ഗ്ലോബലുമായുണ്ടാക്കിയ കരാറുകളില്‍ ചിലത് ഒരുവര്‍ഷത്തേക്കും മറ്റുചിലത് മൂന്നുവര്‍ഷത്തേക്കുമാണുള്ളത്. ഉത്പന്നങ്ങള്‍ സംബന്ധിച്ച നിബന്ധനകളിലും വ്യത്യാസങ്ങളുള്ളതിനാല്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് ഏകീകൃത രൂപമില്ലെന്നും പ്രഥമദൃഷ്ട്യാ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഗണേഷ്കുമാര്‍ മന്ത്രിയായിരിക്കേ ഉള്‍പ്പെട്ട കേസായതിനാല്‍ അഴിമതി നിരോധന നിയമത്തിലെ (പി.സി. ആക്ട്) 17 എ പ്രകാരമുള്ള സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍മാത്രമേ വിജിലന്‍സിന് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനാവൂ.