500 ല്‍ പരം ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തും

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നാളെ മുതല്‍ 500 ല്‍ പരം ബസുകള്‍ നിരത്തിലിറങ്ങില്ല. ജൂലൈ ഒന്ന് മുതല്‍ സര്‍വിസ് നടത്താനാകില്ലെന്നു ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ ജി-ഫോം നല്‍കാനൊരുങ്ങുകയാണ്. വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാന്‍ ജി-ഫോം നല്‍കി സര്‍വിസ് നിര്‍ത്താനാണു തീരുമാനം. കഴിഞ്ഞ 15 ന് ശേഷം കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകള്‍ക്ക് ഡീസലിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. സര്‍വ്വീസ് നടത്തിക്കൊണ്ടു പോകാനാകില്ലെന്ന് വ്യക്തമായതോടെയാണ് കടുത്ത നടപടിയെന്നും ബസുടമകള്‍ പറയുന്നു. ഉള്‍പ്രദേശത്തേക്കുളള സര്‍വീസുകളെയാണ് ഇതു കൂടുതലും ബാധിക്കുകയെന്നാണ് സൂചന. കേരളത്തില്‍ 8,000 ത്തിനടുത്ത് സ്വകാര്യബസുകളും 4,000 ല്‍ താഴെ കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് നിരത്തിലുള്ളത്. നിലവില്‍ ഉള്‍പ്രദേശങ്ങളിലേക്ക് യാത്രാദുരിതമുണ്ട്. അതിനിടെയാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്. കെ.എസ്. ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി യാത്രാ സൗജന്യം വന്നതോടെ സ്വകാര്യബസുകളിലെ യാത്രികര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയെന്നാണ് സ്വകാര്യബസുകളുടെ പരാതി.

അതിനിടെ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ സെക്രട്ടേറിയറ്റ് നടയില്‍ ജൂലൈ 20 മുതല്‍ 25 വരെ റിലേ ധര്‍ണ നടത്താന്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. കെ തോമസിന്‍റെയും ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍റെയും നേതൃത്വത്തില്‍ ബസുടമ സംഘടനകളും സി. ഐ. ടി.യു, ബി.എം. എസ് മുതലായ തൊഴിലാളി യൂനിയന്‍ സംഘടനകളുമായി ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. സര്‍വീസ് പൂര്‍ണമായി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള സമരപ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.