കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റോബോട്ടുകള്‍ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലുള്ള കലാ മ്യൂസിയമായ 'കലാങ്കണത്തില്‍' ഒരു റോബോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മികച്ച സാങ്കേതികാനുഭവവും തത്സമയ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാല്‍ ഈ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്.
യാത്രക്കാരെ സ്വാഗതം ചെയ്യുക, വഴിനിര്‍ദ്ദേശങ്ങള്‍ നല്‍കുക, കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുക, ബോര്‍ഡിംഗ് ഗേറ്റുകളിലേക്കും മറ്റ് വിമാനത്താവള സൗകര്യങ്ങളിലേക്കും വഴികാട്ടുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍. യാത്രയ്ക്കിടയില്‍ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനുമായി യാത്രക്കാര്‍ക്ക് റോബോട്ടുമായി നേരിട്ട് സംവദിക്കാനും സാധിക്കും. സാങ്കേതിക സഹായങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായും ഈ റോബോട്ട് പ്രവര്‍ത്തിക്കുന്നു. നിലവില്‍ 'കലാങ്കണത്തില്‍' വിന്യസിചിട്ടുള്ള റോബോട്ട്, കഥകളി, ഓട്ടന്തുള്ളല് തുടങ്ങിയ കേരളീയ കലാരൂപങ്ങളെക്കുറിച്ചും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ശില്പങ്ങളെക്കുറിച്ചും കലാസൃഷ്ടികളെക്കുറിച്ചും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കും.