തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയുടെ നാഥന്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ നാഥനായി കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ ഇദ്ദേഹം, മികച്ച സംഘാടകന്‍ കൂടിയാണ്. 1991 മുതല്‍ നിയമസഭാംഗമായ തിരുവഞ്ചൂരിന്‍റെ എംഎല്‍എ എന്ന നിലയ്ക്കും പിന്നീട് മന്ത്രിയെന്ന നിലയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2004,2011 ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 101 വോട്ടുകള്‍ നേടിയാണ് തിരുവഞ്ചൂര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങള്‍ എ.സി. മൊയ്തീനെയും മൂന്നുപേര്‍ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാല്‍ ജി. സുധാകരന്‍ വോട്ട് രേഖപ്പെടുത്തിയില്ല. സിപിഎമ്മിന്‍റെ എ.സി. മൊയ്തീനും ബിജെപിയുടെ ബി.ബി.ഗോപകുമാറുമായിരുന്നു എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു. കോട്ടയത്തെ തിരുവഞ്ചൂര്‍ സ്വദേശിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. ബാലജനസഖ്യം, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയിലും സജീവമായിരുന്നു. 1967ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേകൊല്ലം തന്നെ സംഘടയുടെ പ്രസിഡന്‍റുമായി. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി. 1984 മുതല്‍ 2001 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.

2004ലാണ് തിരുവഞ്ചൂര്‍ ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്. അക്കാലത്ത് ആരോഗ്യം, വനം, പാര്‍ലമെന്‍ററി കാര്യം, ജലസേചനം ജലവിഭവം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ വകുപ്പുകള്‍ വ്യത്യസ്ത ടേമുകളില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1991ല്‍ അടൂര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യം സഭയിലെത്തിയത്. 2006വരെ അടൂരിന്‍റെ സ്വന്തം എംഎല്‍എ. തുടര്‍ന്ന് അടൂര്‍ സംവരണമണ്ഡലമായതോടെ കോട്ടയത്തേക്ക്. 2011 മുതല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മികച്ചവിജയം നേടി. കേരളരാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ പല കേസുകളിലും ആഭ്യന്തരമന്ത്രിയായിരിക്കെ ഉറച്ചനിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഇതിനുദാഹരണമാണ്. അന്ന് പോലീസ് പരിശോധന കര്‍ശനമാക്കണമെന്ന തിരുവഞ്ചൂരിന്‍റെ നിര്‍ദേശമാണ് ടി.പിയെ കൊലപ്പെടുത്തിയ സംഘത്തെ അതിര്‍ത്തി കടക്കാന്‍ സംഘടിപ്പിച്ച വാഹനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കണ്ണൂര്‍ ചൊക്ളിയിലെ ഇഷ്ടികക്കളത്തില്‍ ഉപേക്ഷിക്കപ്പെട്ട ഈ വാഹനം പിന്നീട് അന്വേഷണത്തില്‍ നിര്‍ണായകമായി മാറി. 102 അംഗങ്ങളുമായി വന്‍വിജയം നേടിയാണ് യുഡിഎഫ് ഇക്കുറി അധികാരത്തിലെത്തിയത്. 35 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. എന്‍ഡിഎയ്ക്ക് മൂന്ന് അംഗങ്ങളും. യുഡിഎഫ് സര്‍ക്കാരിന്‍റെ മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ തിരുവഞ്ചൂരിന്‍റെ പേരും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. അദ്ദേഹവും അതിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചനകള്‍. എന്നാല്‍ സഭയെ നിയന്ത്രിക്കാന്‍ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാവുവേണം എന്ന തീരുമാനത്തില്‍ അദ്ദേഹം സ്പീക്കര്‍സ്ഥാനത്തേക്ക് എത്തുകയായിരുന്നു. നാല് പത്രികകളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടത്. ഒന്നില്‍ വി.ഡി.സതീശന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങുകയും ചെയ്തു. രണ്ടാമത്തെ പത്രികയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ച് പി.കെ. ബഷീര്‍ പിന്താങ്ങി, മറ്റൊന്നില്‍ മോന്‍സ് ജോസഫ് നിര്‍ദ്ദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും ചെയ്തു, നാലാമത്തെ പത്രികയില്‍ ഷിബു ബേബി ജോണ്‍ നാമനിര്‍ദ്ദേശം ചെയ്യുകയും സി.പി.ജോണ്‍ പിന്താങ്ങുകയും ചെയ്തു.