പോലീസ് സ്റ്റേഷനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍

ചന്തേര: ചന്തേര പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റിലായി. ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശിയായ തൈവളപ്പ് വീട്ടില്‍ വൈ ബൈജുവിനെയാണ് (41) ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന ഇയാള്‍ ഈമാസം 16 ന് മൊബൈല്‍ ഫോണ്‍ കവരുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയുമായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു. സംഭവത്തില്‍ ബൈജുവിനെ ജില്ലാ പൊലീസ് ചീഫ് അന്വേഷണ വിധേയമായി സസ്പെന്‍റുചെയ്തു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ചന്തേരയില്‍ അരങ്ങേറിയത്. കളഞ്ഞുകിട്ടിയ 10000 രൂപ വിലവരുന്ന ഫോണ്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു.

ഒരാഴ്ച കഴിഞ്ഞ് ഉടമയെത്തി കൈമാറാന്‍ നോക്കുമ്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്. ഇഎംഇഐ നമ്പര്‍ ട്രാക്ക് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഒരാള്‍ ഉപയോഗിക്കുന്നത് കണ്ടെത്തി. അയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് വിറ്റത് ബൈജുവാണെന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് പൊലീസുകാരനെതിരെ നടപടി വന്നത്. സര്‍വീസില്‍ നിന്ന് സസപെന്‍റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.