നീലേശ്വരം: കടല്‍ക്ഷോഭത്തില്‍ തീരം തകര്‍ന്നുകൊണ്ടിരിക്കെ തേജസ്വിനിപ്പുഴയില്‍ വീണ്ടും അനധികൃത മണലൂറ്റ് സജീവമായി. തൈക്കടപ്പുറം തീരദേശ മേഖലയിലെ പുഴയില്‍ രാത്രിയുടെ മറവില്‍ തോണികള്‍ ഉപയോഗിച്ച് വ്യാപകമായി മണല്‍ കടത്തുന്നതിനെതിരെ തീരദേശ ജനകീയ സമിതി ശക്തമായ പ്രതിരോധ സമരവുമായി രംഗത്തിറങ്ങി. മണലൂറ്റ് തടയണമെന്നാവശ്യപ്പെട്ട് നേരത്തെ സമിതി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെയും നീലേശ്വരം പോലീസിന്റെയും ഇടപെടലുണ്ടായിരുന്നു. ഇതോടെ ആറുമാസത്തോളം മണലൂറ്റ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, തീരദേശ മേഖല പ്രകൃതിക്ഷോഭത്തിന്റെ പിടിയിലായിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും അനധികൃത മണലൂറ്റ് നടക്കുന്നതെന്നാണ് സമിതിയുടെ ആരോപണം.
കടല്‍ക്ഷോഭത്തില്‍ കരയിടിഞ്ഞ് വീടുകള്‍ ഉപേക്ഷിക്കേണ്ടിവരുന്ന കുടുംബങ്ങള്‍ ഒരുവശത്ത്; മറുവശത്ത് പുഴയില്‍നിന്ന് മണല്‍ കൊള്ളയടിക്കുന്നത് തീരദേശത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. വ്യാപകമായ മണലെടുപ്പ് തേജസ്വിനിപ്പുഴയുടെയും തീരപ്രദേശത്തിന്റെയും സ്വാഭാവിക ഘടനയെ തകര്‍ക്കുമെന്നും ഇത് മനുഷ്യനിര്‍മിത ദുരന്തത്തിന് വഴിയൊരുക്കുമെന്നും സമിതി മുന്നറിയിപ്പ് നല്കി. തൈക്കടപ്പുറം എന്ന നാടിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന മണല്‍മാഫിയാ സംഘത്തെ എന്നെന്നേക്കുമായി തടയണമെന്നാണ് ആവശ്യം. തൈക്കടപ്പുറത്തിന്റെ സംരക്ഷണത്തിനായി ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളും പ്രതിരോധ സമരത്തില്‍ അണിനിരക്കണമെന്ന് തീരദേശ ജനകീയ സമര സമിതി ആഹ്വാനം ചെയ്തു. അനധികൃത മണലൂറ്റിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് വീണ്ടും പരാതി നല്‍കാനും സമിതി തീരുമാനിച്ചു.