ആദൂര്‍: തോട്ടത്തില്‍ നിന്ന് അടക്ക പെറുക്കിക്കൊണ്ടു പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു. നെട്ടണിഗെ ബജയിലെ മഹാദേവയുടെ മകന് എസ്. ജയരാമ പ്രസാദിനാണ് (43) വെട്ടേറ്റത്. സംഭവത്തില്‍ നെട്ടണിഗെയിലെ സരോജിനിയുടെ മകന് ബി. ഈശ്വരക്കെതിരെയാണ് (44)പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 9.30ഓടെ ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ നെട്ടണിഗെ ബജയിലായിരുന്നു സംഭവം. പരാതിക്കാരന്റെ തോട്ടത്തില്‍നിന്ന് അടക്ക പെറുക്കിക്കൊണ്ടു പോകുന്നത് ജയരാമ പ്രസാദ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പ്രതി കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ ജയരാമ പ്രസാദിന്റെ ഇടതുകൈയിലെ മസിലിന് വെട്ടേറ്റു.വെട്ടേറ്റതിനെത്തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള ആക്രമണമാണെന്ന വിലയിരുത്തലിലാണ് നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.
അടക്ക പെറുക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിന് വെട്ടേറ്റു