അനധികൃത പുഴമണല്‍ ഊറ്റല്‍; ലോറി ഉടമ അറസ്ററില്‍

കുമ്പള: പുഴയില്‍ നിന്നും അനധികൃതമായി മണല്‍ഊറ്റുകയായിരുന്ന സംഘം പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. പുഴയോരത്തുണ്ടായിരുന്ന പിക്കപ്പ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ ആര്‍സി ഓണര്‍ പെരിയടുക്കയിലെ എം അഷ്റഫിനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. സംഭവത്തില്‍ ലോഡിംങ് തൊഴിലാളി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റുചെയ്യാനായി അന്വേഷണം ഊര്‍ജിതമാക്കി. മാര്‍ച്ച് 30 ന് വൈകിട്ട് ഷിറിയ പുഴയുടെ ഹേരൂര്‍ പയ്യാര്‍ കടവില്‍ മണലൂറ്റു നടക്കുന്നെന്ന വിവരം ലഭിച്ച എസ് ഐ മാരായ സി സനീഷ്, അനന്തകൃഷ്ണ ആര്‍ മേനോന്‍ എന്നിവര്‍ പോലീസ് ജീപ്പില്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പിക്കപ്പിന്‍റെ ഡ്രൈംവിംഗ് സീറ്റിലിരുന്ന അഷ്റഫും പുഴയില്‍ നിന്നു പൂഴി ഊറ്റി കുട്ടയില്‍ കരക്കെത്തിച്ചു കൊണ്ടിരുന്ന അഞ്ചു ലോഡിംഗ് തൊഴിലാളികളും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് അഷ്റഫ് പിടിയിലായത്.