കാസര്‍കോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ അത് ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയത്തില്‍ താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി കൂട്ടിച്ചേര്‍ത്തു. എത്ര ഉന്നതനായ ആളായാലും കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും, വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കിയവര് പോലീസിലോ അധികാരികള്‍ക്കോ പരാതി കൂടി നല്കാന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാവ് ബി.എം.ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാന്‍ തന്റെ പക്കല്‍ സാങ്കേതികവിദ്യയുണ്ടെന്നും പറഞ്ഞ് ജമാല്‍ പണം തട്ടിയെന്നാണ് പരാതി. ഉദുമ, കാസര്‍കോട് മണ്ഡലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ പണം വാങ്ങിയതായാണ് ആരോപണം. സംഭവത്തില്‍ ബി.എം. ജമാലിനെതിരെ കര്‍ശന നടപടി വേണമെന്ന് യുഡിഎഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറി: ബി എം ജമാലിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയത്- ഉണ്ണിത്താന്