കവിയും എഴുത്തുകാരനുമായ എ.സി.ശ്രീഹരി അന്തരിച്ചു

പയ്യന്നൂര്‍: കവിയും എഴുത്തുകാരനും അധ്യാപകനുമായ എ.സി.ശ്രീഹരി (56) അന്തരിച്ചു. പയ്യന്നൂര്‍ കോളേജ് മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ശ്രീഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. 1999ല്‍ പ്രസിദ്ധീകരിച്ച 'യുവ കവിതക്കൂട്ടം', 2001ല്‍ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്നിവയെല്ലാം പ്രശസ്തമായ രചനകളാണ്. കഴിഞ്ഞ മെയ് 30നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. 1969 നവംബര്‍ 24 കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ് ഗ്രാമത്തില്‍ എ.സി.ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകനായി ജനിച്ചു. കുറുവേലി വിഷ്ണുശര്‍മ എ.എല്‍.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍വിദ്യാഭ്യാസം. പയ്യന്നൂര്‍ കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും സെന്‍റ് ജോസഫ്സ് കോളേജ്, ദേവഗിരിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എം.ഫില്‍. 2015ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്ത നിര്‍മാണം' എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഭാര്യ: സംഗീത.കെ, മകന്‍: എ.സി. ശ്രീഹര്‍ഷന്‍.