കെഎസ്ഇബിയിലെ കമ്പി മോഷണം: ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

രാജപുരം: രാജപുരം കെ എസ് ഇബി സെക്ഷന്‍ ഓഫീസില്‍ നിന്നും അലുമിനിയം കമ്പി മോഷ്ടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന സംശയം വര്‍ദ്ധിച്ചു.

ഞായറാഴ്ച രാത്രി രാജപുരം സിഐ കെ.സന്തോഷിന്‍റെ നേതൃത്വത്തില്‍ രാത്രി വാഹനപരിശോധനക്കിടെയാണ് കള്ളാറില്‍ വെച്ച് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന അലൂമിനിയം കമ്പി പിടികൂടിയത്. സംഭവത്തില്‍ കെ എസ് ഇ ബിയുടെ കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുകയായിരുന്ന ബളാന്തോട് അരിപ്രോഡിലെ വിനോദ്കുമാര്‍(52), കള്ളാറിലെ ആക്രി കച്ചവടക്കാരന്‍ ദാറുല്‍മാന്‍ വീട്ടില്‍ കെ.പി.ഷഫീഖ്(42), ഇയാളുടെ ജീവനക്കാരായ അസാം സ്വദേശികളായ സൈഫുദ്ദീന്‍ അഹമ്മദ്(32), ആലങ്കീര്‍ ഹുസൈന്‍(22) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഷഫീഖിനെയും ജോലിക്കാരെയുമാണ് ഞായറാഴ്ച രാത്രി പിടികൂടിയത്. പിന്നീട് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കരാറുകാരനായ വിനോദ്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മുക്കാല്‍ലക്ഷം വിലവരുന്ന 600 കിലോ അലുമിനിയം കമ്പികള്‍ എടുത്തുകൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചത്. ഇതോടെയാണ് വിനോദ്കുമാറിനെയും പ്രതിയാക്കി അറസ്റ്റുചെയ്തത്. എന്നാല്‍ കരാറുകാരന്‍ മാത്രമായിരിക്കില്ല കമ്പി അടിച്ചുമാറ്റിയതിന് പിന്നിലെന്നാണ് സംശയം. വൈദ്യുതി ഓഫീസില്‍ നിന്നും ഇത്രയും കമ്പി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോകണമെങ്കില്‍ ഓഫീസിനകത്തേയും ആരുടെയെങ്കിലും സഹായമുണ്ടായിരിക്കുമെന്നാണ് പോലീസിന്‍റെ സംശയം. മഴക്കാലമായതിനാല്‍ ഓഫീസിനകത്ത് നൈറ്റ് ഡ്യൂട്ടിക്കാര്‍ ഉണ്ടാകേണ്ടതാണ്. ഇവരൊന്നും അറിയാതെ ഈ നാലുപേര്‍ മാത്രമാണ് ചെമ്പ് കമ്പി മോഷ്ടിച്ചതെന്ന് വിശ്വസനീയമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അറസ്റ്റിലായ നാലുപേരും റിമാന്‍റിലാണ്. ഇതുസംബന്ധിച്ച് സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.