കരിന്തളം: തേജസിനി പുഴയില്‍ മുക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ ജലം ഊറ്റിയെടുത്ത് കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ പെരളം, കങ്കോല്‍ ആലപ്പടമ്പ് എന്നീ രണ്ടു പഞ്ചായത്തിലേക്കും കാസര്‍ കോട് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വെള്ളം കൊണ്ടുപോകാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് ചൂടുപിടിക്കുകയാണ്. ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് പുഴയില്‍ നിന്നും ഊറ്റിയെടുക്കുക. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താല്‍ അതിനു തക്ക നീരൊഴുക്ക് നിലവില്‍ തേജസ്വിനി പുഴയില്‍ ഇല്ല. ഇത് തീരദേശ മേഖലയിലും കുന്നിന്‍ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകും. പാലായി ഷട്ടര്‍ കം ബഡ്ജ് നിലവില്‍ ഉണ്ടായിട്ട് തന്നെ വേനല്‍ക്കാലത്ത് പുഴയില്‍ ചെറിയതോതില്‍ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകും. 422 കോടി രൂപയാണ് ഇതിന്‍റെ പദ്ധതി ചെലവ്. തീരദേശ മേഖലയില്‍ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്ന ഈ പദ്ധതി എന്ത് വിലകൊടുത്തും തടയുമെന്നും ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ഇതിന്‍റെ ഭാഗമായാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ അശോകന്‍ പെരിങ്ങാര രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ പൈപ്പിനുള്ളില്‍ ഉപവാസം കിടന്നുകൊണ്ട് പ്രതിഷേധിച്ചത്. വലിയതോതില്‍ ആളുകള്‍ ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പള്ളിപ്പാറയില്‍ നിര്‍മ്മിക്കുന്ന ജലസംഭരണിയുടെ നിര്‍മ്മാണം ഉള്‍പ്പെടെ തടയുമെന്ന് നാട്ടുകാര്‍ പറയുന്നു. പുഴ മരിക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
പുഴയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തി അശോകന്‍