കാസര്‍കോട്: പ്രശസ്തമായ ആദൂര്‍, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. ബെള്ളൂര്‍, മദക്കയിലെ സതീശിനെയാണ് (26) ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടക, ബെട്ടംപാടിയിലെ ക്ഷേത്ര കവര്‍ച്ചാകേസില്‍ പുത്തൂര്‍ പോലീസാണ് സതീശയെ ആദ്യം അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിലാണ് ആഗസ്റ്റ് 24ന് രാത്രി നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നത് സതീശയാണെന്ന് വ്യക്തമായത്. ആഗസ്റ്റ് 18ന് കിന്നിംഗാര്‍, കൊച്ചിയിലെ കര്‍ഷകന്‍ മോഹന കൃഷ്ണ ഭട്ടിന്‍റെ റബ്ബര്‍ പുരയില്‍ നിന്ന് 250 റബ്ബര്‍ഷീറ്റ് കവര്‍ച്ച ചെയ്തതും സതീശയാണെന്നു വ്യക്തമായി. ഇക്കാര്യം പുത്തൂര്‍ പോലീസ് ആദൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദൂര്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് സതീശയെ കസ്റ്റഡിയില്‍ വാങ്ങിയത്. അന്വേഷണത്തിന്‍റെ ഭാഗമായി സതീശയെ ക്ഷേത്രത്തിലും റബ്ബര്‍പുരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. നെട്ടണിഗെ ക്ഷേത്രത്തിലെ സിസി ടി വി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സതീശയെ പുത്തൂര്‍ പോലീസിന്‍റെ പിടിയിലായത്.
ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ന്ന പ്രതി കസ്റ്റഡിയില്‍