നീലേശ്വരം: ജില്ലാ കലക്ടര്‍ നല്കിയ സമയപരിധി കഴിഞ്ഞിട്ടും സര്‍വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ മേല്‍പ്പാലത്തിന് മുകളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തി നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡിന്റെ പ്രവര്‍ത്തികള്‍ ഈ മാസം 22 ന് പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരായ മേഘ കമ്പനിയും ദേശീയപാത അതോററ്റിയും ജില്ലാ കളക്ടര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സര്‍വ്വീസ് റോഡിന്റെ പണി എടുക്കാതെ മേല്‍പ്പാലത്തിന് മുകളിലെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി, വൈസ് ചെയര്‍ഴ്സണ്‍ പി.എം.സന്ധ്യ, ഇ.ചന്ദ്രമതി, ഇ.കെ.ചന്ദ്രന്, ഷമീന മുഹമ്മദ്, പി.വി.സതീശന്, എം.ശാന്ത, കെ.വി.രജിത, അനീഷ്, കെ.പി.സതീശന്, പി സുഭാഷ്, ശ്രീനിവാസന്, മാമുനി വിജയന്, ഉണ്ണിനായര്, വി.വി. കുഞ്ഞികൃഷ്ണന്, ടി.കെ.അനീഷ്, അഷ്റഫ് കണിച്ചിറ, സര്ജിലുസോവ, ഉദയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തി തടഞ്ഞത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ സുധീപ് ഇന്ന് രാവിലെ നീലേശ്വരത്ത് എത്തിയിരുന്നു. കരാറുകാരുമായി സംസാരിച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ആര്‍ഡിഒ നിര്‍ദ്ദേശം നല്കി. ഈ മാസം 30 നകം നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സാവകാശം നല്‍കണമെന്ന് കരാറുകാര്‍ ആര്‍ഡിഒയോട് അഭ്യര്‍ത്ഥിച്ചു.
മേല്‍പ്പാലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തി കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു