നീലേശ്വരം: നഗരസഭയിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായ നീലേശ്വരം ഗവ. എല്‍.പി. സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ ഓടി ചാടി കളിച്ചുനടക്കുന്ന ഭാഗത്ത് വലിയ അപകടസാധ്യത നിലനില്‍ക്കുന്നതായി പരാതി. സ്കൂള്‍ കെട്ടിടത്തിന് തൊട്ടുമുന്നില്‍ നേരത്തെ ഉണ്ടായിരുന്നതും പിന്നീട് മണ്ണിട്ട് നികത്തി ഇന്റര്‍ലോക്ക് ചെയ്തതുമായ പഴയ കിണറിന്റെ ഭാഗത്താണ് കഴിഞ്ഞദിവസം വീണ്ടും വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നികത്തിയ കിണറിന്റെ റിംഗുകള്‍ താഴേക്ക് അമര്ന്നതുമൂലം കഴിഞ്ഞ തവണയും ഇവിടെ സമാന രീതിയില്‍ കുഴി രൂപപ്പെട്ടിരുന്നു. അപ്പോഴൊക്കെ താല്‍ക്കാലികമായി മണ്ണിട്ട് നികത്തുകയാണ് ചെയ്തത്. എന്നാല്‍ ഇത്തവണ മഴ ശക്തമായതോടെ ഇന്റര്‍ലോക്ക് ചെയ്ത മുറ്റം വീണ്ടും അപകടകരമായ രീതിയില്‍ താഴുകയായിരുന്നു. നിലവില്‍ ഈ കുഴിക്കുള്ളില്‍ പഴയ കിണറിന്റെ റിംഗുകള്‍ കാണാന്‍ കഴിയുന്ന അവസ്ഥയാണുള്ളത്. നൂറുകണക്കിന് കുരുന്നു കുട്ടികള്‍ ഓടിക്കളിക്കുന്ന മുറ്റത്താണ് ഈ അപകട കെണി ഒളിഞ്ഞിരിക്കുന്നത്. താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ നിലവില്‍ താഴ്ന്നുപോയ ഭാഗത്തിന് ചുറ്റും പൂച്ചട്ടികള്‍ നിരത്തിവെച്ച് കുട്ടികള്‍ക്ക് അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടസാധ്യത ഒഴിഞ്ഞിട്ടില്ല. മഴ ശക്തമാകുന്നതോടെ മണ്ണ് കൂടുതല്‍ ഇടിയാന്‍ സാധ്യതയുണ്ട്. അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി കിണര്‍ ഉണ്ടായിരുന്ന ഭാഗം മുഴുവനായി കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാനാണ് ഇപ്പോള്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. പ്രശ്നത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
നീലേശ്വരം ജിഎല്‍പി സ്കൂള്‍ മുറ്റം കുരുന്നുകള്‍ക്ക് അപകടകെണിയാവുന്നു