ബിരിക്കുളം റോഡില്‍ അപകടഭീഷണി ഉയര്‍ത്തി നിരവധി കുഴികള്‍

പരപ്പ: പരപ്പ-ബിരിക്കുളം റോഡില്‍ പുലിയങ്കുളം ആര്‍.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപം റോഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് ഗുരുതര അപകടഭീഷണി ഉയര്‍ ത്തുന്നു. പരപ്പ മുതല്‍ പുലിയംകുളം ആര്‍ ടി ഒ ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപം വരെയുള്ള ഭാഗം മികച്ച മെക്കാഡം റോഡായതിനാല്‍ വാഹനങ്ങള്‍ സാധാരണയായി ഉയര്‍ന്ന വേഗതയിലാണ് സഞ്ചരിക്കുന്നത്. മെക്കാഡം റോഡ് അവസാനിക്കുന്ന ഭാഗത്താണ് ഈ കുഴികള്‍ സ്ഥിതി ചെയ്യുന്നത്. പുതുതായി ഈ റോഡിലൂടെ എത്തുന്ന വാഹനയാത്രക്കാര്‍ക്ക് മെക്കാഡം റോഡ് അവസാനിക്കുന്ന ഭാഗം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കുഴികളിലേക്ക് ചാടിവീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിനെക്കുറിച്ച് പരിചയമുള്ളവര്‍ മെക്കാഡം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ വേഗതകുറച്ച് കടന്നുപോകാറുണ്ടെങ്കിലും ആദ്യമായി എത്തുന്നവരും പ്രദേശപരിചയമില്ലാത്തവരുമാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ കുഴികള്‍ ഇടയ്ക്കിടെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്താറുങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. നിരവധി വാഹനാപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും അധികൃതരുടെ ശ്രദ്ധയില്‍ പലതവണ വിഷയം കൊണ്ടുവന്നിട്ടും സ്ഥിരമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.