ഒന്നരവയസുകാരന്‍റെ മരണം: മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍

പയ്യന്നൂര്‍: ചികിത്സാപ്പിഴവ് കാരണം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ മൂന്ന് പേരെ മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്‍റെ ഭാഗമായാണ് അനാവശ്യമായി ആളുകളെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തെതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ പ്രതികരിച്ചത്. നിയമപരമല്ലാത്ത ഇടപെടല്‍ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനാവശ്യമായി എന്തിനാണ് മെഡിക്കല്‍ ബോര്‍ഡില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു ചോദ്യം. യോഗത്തില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നുപേരും ചികിത്സാ പിഴവ് ശരി വെച്ചിരുന്നു. ആശുപത്രിക്ക് ക്രിമിനല്‍ അനാസ്ഥ സംഭവിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത് കുമാര്‍ പറഞ്ഞു. ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ലഭിച്ച രേഖകള്‍ പരിശോധിക്കുമ്പോള്‍ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഉടന്‍ പോലീസിന് കൈമാറും. അതേസമയം കേസില്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നതായി ആശങ്കയുണ്ടെന്ന് കുടുംബം പ്രതികരിച്ചു. മെഡിക്കല്‍ ബോര്‍ഡിലെ ഇടപെടലുകള്‍ ഇതിന്‍റെ സൂചനയാണെന്നും കുടുംബം പ്രതികരിച്ചു. നീതിയുക്തമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. എരമം സ്വദേശികളായ സൂരജിന്‍റെയും വിജിഷയുടെയും ഏകമകനാണ് മരണപ്പെട്ട ദേവാന്‍ഷ് ശൗര്യ. ഒരു വര്‍ഷവും അഞ്ചുമാസവുമാണ് ദേവാന്‍ഷ് ശൗര്യയുടെ പ്രായം. അനസ്തേഷ്യ നല്‍കുന്നതില്‍ കാലതാമസം വന്നതായി ആശുപത്രി റിക്കാര്‍ഡുകള്‍ വ്യക്തമാക്കുന്നു. താടിയില്‍ മുറിവേറ്റത് തുന്നാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരവിപ്പിക്കേണ്ടതിന് പകരം ഡോക്ടര്‍ മാര്‍ അനസ്തേഷ്യ നല്‍കി. ഇത് അളവിലും കൂടുതലായിരുന്നുവെന്നാണ് നിഗമനം. ശസ്ത്രക്രിയ ഇത്രയും സമയം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ലത്രെ.