കൊച്ചി: പരസ്യങ്ങളിലൂടെ വിവാഹാലോചന ക്ഷണിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പാലാവയല് മലാങ്കടവ് സ്വദേശിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. 59 കാരിയുടെ പരാതിയിലാണ് കേസ്. മലാങ്കടവ് നെടുങ്കനാല്‍ സന്തോഷ് ജോസിനെയാണ് (58) പോലീസ് അറസ്റ്റുചെയ്തത്. മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയുമായി ഇത്തരത്തിലൂടെയാണ് പ്രതി ബന്ധപ്പെടുന്നത്. തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് ആലപ്പുഴ സ്വദേശിനി നല്കിയ പരാതിയില്‍ പറയുന്നത്. കലൂരിലെ ജഡ്ജസ് അവന്യുവിലെ ലോഡ്ജില്‍ വെച്ചാണ് ജോസിനെ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. എസ്ഐമാരായ പ്രമോദ്, സന്തോഷ് ജോര്‍ജ്, എഎസ്ഐമാരായ ജയ, സജിത, സിപിഒമാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികളും വഞ്ചനാ കേസുകളും നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നല്കി പീഡനം: പാലാവയല് സ്വദേശി കൊച്ചിയില്‍ അറസ്ററില്‍