ബൈക്കില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്ററില്‍

കാഞ്ഞങ്ങാട് : ബൈക്കില്‍ കടത്തിയ എം.ഡി. എം.എയുമായി യുവാവിനെ കുമ്പള എസ്ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റുചെയ്തു. പുത്തിഗെ മുഗുറോഡിലെ രാജീവ് കോളനിയിലെ അബ്ദുള്‍ നിസാറിനെയാണ്(24) അറസ്റ്റുചെയ്തത്. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിസാര്‍ ലഹരിയെത്തിച്ച് കൊടുക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ രാത്രി 7.30 മണിയോടെ പുത്തിഗെ ഏ കെ ജി നഗറില്‍ നിന്നുമാണ് ഇയാളെ അറസ്റ്റുചെയ്തത്. ബൈക്കിന്‍റെ മുകളില്‍ ഇരിക്കുകയായിരുന്ന നിസാര്‍ പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് ഇയാളുടെ കെഎല്‍ 60 ഡി 5054 നമ്പര്‍ ബൈക്ക് പരിശോധിച്ചപ്പോള്‍ 2.220 ഗ്രാം എം.ഡി.എം എ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്ത് ബൈക്ക് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അതുല്‍ രാം, ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളായ നിജിന്‍ ,രജീഷ്, അനീഷ് , റിതേഷ്, ഭക്തശിവാല്‍ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.