അബൂ ഹാസിഫ് കൂളിയങ്കാല്‍ കാഞ്ഞങ്ങാട്: ശക്തമായ മഴയെത്തുടര്‍ന്ന് കൂളിയങ്കാല്‍ മണ്ടലിക്കുണ്ട് പ്രദേശത്തെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയമല്ലാത്ത റോഡ് നിര്‍മ്മാണമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൃത്യമായ ആസൂത്രണമോ വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനങ്ങളോ ഇല്ലാതെ നടത്തിയ പണികള്‍ മൂലം ഒരൊറ്റ മഴയില്‍ത്തന്നെ പ്രദേശം മുഴുവന്‍ ചെളിവെള്ളം ഒലിച്ചിറങ്ങി ജനവാസയോഗ്യമല്ലാത്ത രീതിയിലായി മാറിയിരിക്കുകയാണ്. സര്‍വീസ് റോഡ് നിര്‍മ്മാണം മന്ദഗതിയിലായതാണ് ദുരിതത്തിനിടയാക്കിയത്. കാലവര്‍ഷം കനത്തതോടെ റോഡാകെ ചെളിനിറഞ്ഞ് പൂര്‍ണ്ണമായും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാര്‍. റോഡ് പണിക്കായി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വഴി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങളില്‍ മഴവെള്ളം കുത്തിയൊലിച്ച് വന്ന് വന്‍തോതില്‍ ചെളിയടിഞ്ഞിരിക്കുകയാണ്. ഇതുവഴി കാല്‍നടയാത്ര പോലും അസാധ്യമായി മാറിയിരിക്കുന്നു. സ്കൂളുകള്‍ തുറന്ന ഈ സമയത്ത് ചെളി നിറഞ്ഞ പാതയിലൂടെ എങ്ങനെ കുട്ടികളെ വിടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. അരൈ ഭാഗങ്ങളില്‍ നിന്നും കൂളിയങ്കാല്‍, തെരുവത്ത് സ്കൂളുകളിലേക്കുള്ള ചെറിയ കുട്ടികള്‍ ഈ വഴിയാണ് എത്തേണ്ടത്. പല കുട്ടികള്‍ക്കും കൃത്യസമയത്ത് സ്കൂളിലെത്താന്‍ സാധിക്കുന്നില്ല. രോഗികളെ ആശുപത്രികളില്‍ എത്തിക്കേണ്ടി വന്നാല്‍ വാഹനങ്ങള്‍ക്കൊന്നും ഇവിടേക്ക് കടന്നുവരാന്‍ കഴിയാത്ത സാഹചര്യമാണ്. അടിയന്തര ഘട്ടങ്ങളില്‍ പോലും എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ വലയുകയാണ്. നിലവില്‍ ജനങ്ങളുടെ വീട്ടുമുറ്റങ്ങളിലും വഴികളിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും കല്ലുകളും അടിയന്തരമായി കരാറുകാരോ ബന്ധപ്പെട്ട അധികാരികളോ ഇടപെട്ട് നീക്കം ചെയ്യണം. പ്രദേശവാസികള്‍ക്ക് സുരക്ഷിതമായി നടന്നുപോകാന്‍ താല്‍ക്കാലികമായെങ്കിലും സൗകര്യമൊരുക്കണം.നിര്‍മ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നുമാണ് കൂളിയങ്കാല്‍ നിവാസികളുടെ ശക്തമായ ആവശ്യം.
നഗരമധ്യത്തിലെ തറവാട് വീട് അപകട ഭീഷണിയില്‍