നീലേശ്വരം പാലത്തില്‍ പരിശോധന: ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം പാലത്തില്‍ ജൂണ്‍ 9, 10 തീയതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലത്തിന്‍റെ ഘടനാപരമായ സുരക്ഷിതത്വവും ബലവും ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി വിശദമായ പഠനവും ഭാരപരിശോധനയും നടത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യൂബിന്‍റെ പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാലത്തില്‍ വിശദമായ പരിശോധന നടത്താന്‍ ശുപാര്‍ശ ചെയ്തത്. പരിശോധനകള്‍ നടത്തുന്നതിനുള്ള വിദഗ്ധ ഏജന്‍സി ജൂണ്‍ 8 ഓടെ സ്ഥലത്തെത്തും. തുടര്‍ന്ന് ജൂണ്‍ 9, 10 തീയതികളില്‍ പ്രതിദിനം ഏകദേശം നാല് മണിക്കൂര്‍ വീതമായിരിക്കും പാലത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമോ അടച്ചിടലോ ഉണ്ടാകുക. ഇതുമായി ബന്ധപ്പെട്ട് ഭാരതീയ ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് കെ. ഗാര്‍ഗ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്‍കി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കുറഞ്ഞ രീതിയില്‍ പരിശോധന നടത്താന്‍ അനുയോജ്യമായ സമയക്രമം അനുവദിക്കണമെന്നും ആവശ്യമായ പോലീസ് സഹായവും ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കത്തിന്‍റെ പകര്‍പ്പ് കാസര്‍കോട് ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട ദേശീയപാത നിര്‍മ്മാണ കമ്പനികളായ എല്‍.എന്‍ മാളവ്യ ഇന്‍ഫ്രാ പ്രൊജക്ട്സ്, എം.ഇ.ഐ.എല്‍ ചെങ്ങള റോഡ്വേസ് എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇതുവഴി പോകുന്ന വാഹനയാത്രക്കാര്‍ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.