കുടുംബവഴക്കിനിടെ പിതാവിന്‍റെ വെട്ടേറ്റ് മകളും ബന്ധുവും മരിച്ചു, പ്രതി അറസ്ററില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിന്‍റെ കുത്തേറ്റ് മകള്‍ ജുമൈല(18) മരിച്ചതിന് പിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് (60)മരിച്ചത്. ആക്രമണത്തില്‍ കുത്തേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷേഖ് അബ്ബ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. പ്രതിയായ ഉമര്‍ ഫാറൂഖിനെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായിട്ടാണ് പോലീസ് പറയുന്നത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കം. ബന്ധം വേര്‍പിരിയുന്നതെങ്കില്‍ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെന്‍റ് തിരികെ തരണമെന്ന് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് വീണ്ടും തര്‍ക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ പ്രതി കയ്യില്‍കരുതിയ കത്തി ഉപയോഗിച്ച് ഭാര്യസഹോദരിയുടെ ഭര്‍ത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്കൂളില്‍ നിന്നെത്തിയ മകള്‍ ജുമൈലയ്ക്ക് വഴക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ പരിക്കേറ്റ ഷെയ്ഖ് അബ്ബയാണ് തന്‍റെ പരിക്ക് വകവെക്കാതെ ഉടന്‍ ഉപ്പളയിലേയും പിന്നീട് മംഗലാപുരത്തേയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ഉടന്‍ ഷേഖ് അബ്ബ കുഴഞ്ഞുവീണു. ഇതിനിടയില്‍ ജുമൈല മരണപ്പെട്ടിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന. സംഭവം അറിഞ്ഞയുടന്‍ മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്തും സംഘവും സ്ഥലത്തെത്തിയാണ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ ഇന്ന് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജുമൈലയുടെ മൃതദേഹം ഇന്നലെ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഷെയ്ഖ് അബ്ബയുടെ മൃതദേഹം ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.