പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും നടപടി; ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം തട്ടകമായ 36-ാം വാര്‍ഡ് കാരയില്‍ സിപിഎം വിമതനായി മത്സരിച്ച് ജയിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വീണ്ടും നടപടിയുമായി സിപിഎം നേതൃത്വം. കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി.രാമചന്ദ്രനെ കഴിഞ്ഞദിവസം ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയോഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നേരത്തെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയുടെ വീഴ്ചയാണ് വൈശാഖിന്‍റെ വിജയത്തിന് കാരണമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി നിയമസഭാതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സി.വൈശാഖ് പാര്‍ട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങള്‍ വൈശാഖ് ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളില്‍പ്പെട്ടവര്‍ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും അതില്‍ ഒരാളുടെ പേരില്‍ മാത്രമാണ് പാര്‍ട്ടി ഒമ്പതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.