കെ എസ് ആര്‍ ടി സി ബസില്‍ യുവതിയുടെ ബാഗില്‍ നിന്നും അരലക്ഷം കവര്‍ന്നു

കാസര്‍കോട്: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് അരലക്ഷം രൂപ കവര്‍ച്ച ചെയ്തു. ബന്തിയോട്, അടുക്ക, ഒളാക്ക് റോഡിലെ നൗഷീദയുടെ ബാഗില്‍ നിന്നാണ് പണം കവര്‍ച്ചചെയ്തത്. ഇന്നലെ വൈകുന്നേരം നാലേകാലോടെ ബന്തിയോട് നിന്ന് കുമ്പളയിലേയ്ക്ക് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുമ്പളയില്‍ ബസിറങ്ങുമ്പോള്‍ വാനിറ്റി ബാഗ് പിന്നിലേയ്ക്ക് വലിക്കുന്നതായി നൗഷീദക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ കുടുങ്ങിയതാണെന്നാണ് കരുതിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ബാഗില്‍ നിന്നും പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്നാണ് കുമ്പള പോലീസില്‍ പരാതി നല്‍കിയത്. തിരക്കുള്ള ബസില്‍ പര്‍ദ്ദ ധരിച്ച് പോക്കറ്റടി നടത്തുന്ന സംഘം ഇങ്ങിയിട്ടുണ്ടെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദന്‍ പറഞ്ഞു. നൗഷീദയുടെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.