മഴ കനക്കുന്നു, കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ 'വഴിപാട് ' നോട്ടീസ്

നീലേശ്വരം: നീലേശ്വരം നഗര ഹൃദയത്തില്‍ രാജാറോഡില്‍ ഏത് നിമിഷവും നിലം പതിക്കാറായ പഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി നില നില്‍ക്കുമ്പോഴും അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കെട്ടിട ഉടമകള്‍ക്ക് ഒരു നോട്ടീസ് വഴിപാട് നടത്തുകയാണ് നഗരസഭ. പലതവണയായി ഇത്തരത്തില്‍ നോട്ടീസ് നല്‍കി നഗരസഭ മുഖം രക്ഷിക്കുന്നു. നഗരത്തിലെ പഴഞ്ചന്‍ കെട്ടിടങ്ങള്‍ അപകട ഭീഷണിയായി നിലനില്‍ക്കുന്നത് സംബന്ധിച്ച് ജന്മദേശം കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ജൂണ്‍ 12 ന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ അധികൃതര്‍ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ അതിനപ്പുറം യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുണ്ടായിട്ടില്ല. അതിന് അവര്‍ക്ക് താല്‍പ്പര്യവുമില്ലത്രെ.

രാജാറോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടതായ കെട്ടിടങ്ങളാണ് ഇവയില്‍പലതും. ഓട് ഇളകിയും മരങ്ങള്‍ ദ്രവിച്ചും തകര്‍ന്ന് വീഴാന്‍ കാത്തിരിക്കുമ്പോഴും വാഹനയാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ നഗരസഭ താല്‍പ്പര്യം കാണിക്കുന്നില്ല. പഴകിയ മരങ്ങള്‍ ദ്രവിച്ച് മഴവെള്ളത്തില്‍ കുതിര്‍ന്ന് ഏത് സമയത്തും നിലംപൊത്താം, തുടര്‍ച്ചയായ മഴയില്‍ മേല്‍ക്കൂര തകര്‍ന്ന കെട്ടിടങ്ങളുടെ ചുമരും തകര്‍ന്ന് വീഴേണ്ടത് റോഡിലേക്കാണ്. ഒന്നിലെറെ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികളും ഇതിന്‍റെ കീഴിലൂടെ തന്നെയാണ് നടന്നുപോകുന്നത്. നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കുന്ന കലാപരിപാടി അവസാനിപ്പിച്ച് ഒരു അപകടത്തിന് കാക്കാതെ എത്രയും വേഗം ജനങ്ങളുടെ ഭീതി അകറ്റി പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.