വീട്ടിന് നേരെ കല്ലേറ്, കാറിന്‍റെ ചില്ല് അടിച്ചുതകര്‍ത്തു

കരിന്തളം: വീട്ടിലേക്ക് കല്ലെറിയുകയും വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായും പരാതി. കാട്ടിപ്പൊയില്‍ മേലാഞ്ചേരിയിലെ പ്രഭാകരന്‍റെ മകന്‍ എം പി ഷാജിയുടെ വീടിനുനേരെയാണ് അജ്ഞാതര്‍ കല്ലെറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 എ 96 81 നമ്പര്‍ ആള്‍ട്ടോ കാറിന്‍റെ ചില്ല് തകര്‍ക്കുകയും ചെയ്തത്. ഞായറാഴ്ച രാത്രി 10. 15 നും 10. 45 നും ഇടയിലുള്ള സമയത്താണ് ആക്രമണം നടന്നതെന്ന് ഷാജി നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുറത്തു നിന്നും ഒച്ചകേട്ട് ലൈറ്റ് ഓണ്‍ ചെയ്തുനോക്കിയപ്പോള്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ വന്ന രണ്ടംഗ സംഘം കാര്‍ അക്രമിക്കുന്നതായാണ് കണ്ടത്. ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ബിരിക്കുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോവുകയായിരുന്നു. കാട്ടിപ്പൊയില്‍ പള്ളത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഷാജി. പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം എസ് ഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി.