ബേഡകം: സഹപാഠി ഗര്‍ഭിണിയായ സംഭവത്തില്‍ 15 വയസ്സുകാരനെതിരെ ബേഡകം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെയും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ മാതാവ് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപാഠിയായ വിദ്യാര്‍ത്ഥിക്കെതിരെ ആരോപണം ഉയര്‍ന്നത്. ബേഡകം പഞ്ചായത്തില്‍ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ സഹപാഠി ക്വാര്‍ട്ടേഴ്സിലെത്തി പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പെട്ടിരുന്നുവെന്നാണ്പരാതിയില് പറയുന്നത്.
അസമയങ്ങളില്‍ വിദ്യാര്‍ത്ഥി മുറിയിലെത്തുന്ന കാര്യം സമീപവാസികള്‍ മാതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇരുവരും കമ്പൈന്റ് സ്റ്റഡിക്കാണ് കൂടിക്കാഴ്ച നടത്തുന്നതെന്നായിരുന്നു മാതാവിന്റെ പ്രതികരണം. ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി നിലവില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാതാവിന്റെ വീട്ടില്‍ കഴിയുകയാണ്. വിദ്യാനഗര്‍ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബേഡകം പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കേസിലെ പ്രതിയായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.