ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും കുമ്പള പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറില്‍ നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനൊപ്പം കൂട്ടാളിയായ മുഹമ്മദ് നിഹാലും പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കുമ്പള ദേശീയ പാതയില്‍ ആരിക്കാടി ടോള്‍ പ്ലാസക്ക് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസ്, എസ്ഐ കെ.പി.ഗണേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തത്. കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലാലാ കബീര്‍. കേരളം, കര്‍ണ്ണാടക, സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മൈസൂരില്‍ ജയിലിലായിരുന്ന ലാലാ കബീര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികളെ ഉച്ചകഴിഞ്ഞ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.