കോട്ടപ്പുറം ക്ഷേത്ര കവര്‍ച്ച: പ്രതിയെകുറിച്ച് സൂചന

നീലേശ്വരം:കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസും കുത്തിത്തുറന്ന് ആറോളം ഭണ്ഡാരങ്ങളില്‍ നിന്നായി മുപ്പതിനായിരം രൂപയോളം കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതി യെകുറിച്ച് അന്വേഷണം നടത്തുന്ന പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ പത്തനംതിട്ട ജില്ലക്കാരനായ യുവാവാണ് വൈകുണ്ഠ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോട്ടപ്പുറം ക്ഷേത്രത്തില്‍ മോഷണം നടന്നത്. രാത്രി എട്ടരയ്ക്ക് ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് 12.30 ഓടെയാണ് പുറത്ത് കടന്നത്. ഇതെല്ലാം ക്ഷേത്രത്തിലെ സിസി ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയില്‍ നീലേശ്വരം എസ് ഐ കെ അജിതയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാവിന്‍റെ ദൃശ്യം വളരെ വ്യക്തമായി സിസി ക്യാമറയില്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചനലഭിച്ചത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് അന്വേഷണത്തിന് തടസമാകുന്നതെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.