വിവാഹത്തെ എതിര്‍ത്തു; യുവാവിനെ കടയില്‍ കയറി സംഘം ചേര്‍ന്ന് ആക്രമിച്ചു

കാസര്‍കോട്: ബന്ധുവിന്‍റെ മകളെ വിവാഹം ചെയ്തതിനെ എതിര്‍ത്തതിന്‍റെ വിരോധത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് കടയില്‍ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഡ്ലു ആര്‍.ഡി നഗറിലെ ധര്‍മ്മരാജിന്‍റെ മകനാണ്(28) പരിക്കേറ്റത്. സംഭവത്തില്‍ കുഡ്ലു ഭഗവതി നഗറിലെ ജിതേഷ്, കിഷോര്‍, അമൃത് രാജ്, നന്ദു എന്നിവര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.

പരാതിക്കാരന്‍ പെര്‍നടുക്കയില്‍ നടത്തിവരുന്ന സ്മാര്‍ട്ട് സലൂണില്‍ കയറിയ പ്രതികള്‍ അസഭ്യം പറയുകയും യുവാവിനെ അടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ആക്രമണത്തിനിടെ കടയിലെ കസേരയും കണ്ണാടിയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഏകദേശം 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. പരാതിക്കാരന്‍റെ ബന്ധുവിന്‍റെ മകളെ ഒന്നാം പ്രതിയായ ജിതേഷ് പ്രണയിച്ച് വിവാഹം ചെയ്തതിനെ എതിര്‍ത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടു ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.