കുലുക്കിക്കുത്ത് ചൂതാട്ടം: ഏഴുപേര്‍ പിടിയില്‍

ബദിയടുക്ക: പൊതുസ്ഥലത്ത് കുലുക്കിക്കുത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട ഏഴുപേരെ ബദിയടുക്ക പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്ന നിരവധി പേര്‍ ഓടി രക്ഷപ്പെട്ടു. ചൂതാട്ടത്തിന് നേതൃത്വം നല്‍കിയവരും പണം വെച്ച് കളിച്ചവരുമാണ് പിടിയിലായത്. ഇവരില്‍നിന്ന് 1,580 രൂപയും പിടിച്ചെടുത്തു. നെക്രാജെ അര്‍ളടുക്കയിലെ കോപ്പാളം കൊച്ചി റോഡരികില്‍ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പൊതുസ്ഥലത്ത് സംഘം ചേര്‍ന്ന് കട്ടക്കളി നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.എന്‍മകജെയിലെ ദിനേശ് (40), മുളിയാറിലെ രാജു (35), നെക്രാജെയിലെ രജിലേഷ് (40), മുളിയാര്‍ അര്‍ളടുക്കയിലെ ബാബു (67), കുമ്പടാജെയിലെ സുന്ദര (50), കുമ്പടാജെ മര്‍പ്പനടുക്കയിലെ ജയേഷ് (45), നെട്ടണിഗെയിലെ മുരളീധരന്‍ (53) എന്നിവരാണ് പിടിയിലായത്.ബദിയടുക്ക എസ്.ഐ. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.