മുന്‍ എംഎല്‍എ എം.മുരളി അന്തരിച്ചു

മാവേലിക്കര: മാവേലിക്കര മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവില്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന്‍ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോര്‍ഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. മിഥുന്‍, മൃദുല്‍, മൃണാള്‍. 1969ല്‍ കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് എം. മുരളി പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങി പാര്‍ട്ടിയിലെ നിര്‍ണ്ണായക പദവികള്‍ അദ്ദേഹം വഹിച്ചു. 1991 മുതല്‍ 2006 വരെയുള്ള തുടര്‍ച്ചയായ നാല് തവണ (1991, 1996, 2001, 2006) മാവേലിക്കര നിയോജക മണ്ഡലത്തെ അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചു.