വനിതാ എസ്ഐയേയും പോലീസുകാരനേയും അക്രമിച്ച പ്രതി അറസ്ററില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയേയും സിവില്‍ പോലീസ് ഓഫീസറേയും മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്ത കേസിലെ പ്രതിയെ പയ്യന്നൂര്‍ എസ്ഐ യദുകൃഷ്ണന്‍ അറസ്റ്റുചെയ്തു. രാമന്തളി കുന്നരു പുന്നത്തിറയന്‍ ഹൗസില്‍ കുമാരന്‍റെ മകന്‍ പി.ബിജുകുമാറിനെയാണ് (43) അറസ്റ്റുചെയ്തത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ബിജുകുമാര്‍ ഭാര്യയേയും മകനേയും മര്‍ദ്ദിക്കുന്നതായി അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് പയ്യന്നൂര്‍ എസ്ഐയായ പി.വി.അനുശ്രീ(24), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ്(47) എന്നിവരെ ബിജു അക്രമിച്ചത്. സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്‍റെ കൈവിരല്‍ പിടിച്ച് ഒടിക്കുകയും മുഖത്ത് കുത്തുകയും ചെയ്യുമ്പോള്‍ തടയാന്‍ ശ്രമിക്കുമ്പോഴാണ് എസ്ഐ അനുശ്രീയെ ബിജു വലത് ഷോള്‍ഡര്‍ പിടിച്ച് തള്ളുകയും വയറ്റത്ത് ചവിട്ടുകയും ചെയ്തത്. പോലീസ് ഡ്രൈവര്‍ ഷെമീന്‍ ഓടിവരുമ്പോഴേക്കും ബിജു വീടിന്‍റെ പിന്നാമ്പുറത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ അന്വേഷണത്തിലാണ് ബിജുകുമാറിനെ അറസ്റ്റുചെയ്തത്.