നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് നിര്‍മ്മിച്ച ഓവുചാല്‍ സ്ലാബിട്ട് മൂടാതെ വായപിളര്‍ന്ന് കിടക്കുന്നത് ജനങ്ങള്‍ക്ക് ഭീഷണിയായി മാറി. സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായാണ് ഇവിടെ ഓട നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓടയുടെ മുഴുവന്‍ ഭാഗത്തും സ്ലാബിടാത്തതാണ് നാട്ടുകാരുടെ ആശങ്കയിലാക്കിയത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ് റാഫിയുടെയും വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ശ്രീനിവാസന്റെയും ഇടപെടലിനെ തുടര്‍ന്നാണ് പരിസരവാസികളുടെ ദുരിതം ഒഴിവാക്കുന്നതിനായി ഓട നിര്‍മ്മിച്ച് സ്ലാബിടാന്‍ തീരുമാനിച്ചത്.
അടുത്തിടെ ഒരു സ്ത്രീ ഓടയില്‍ വീണെങ്കിലും ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പാര്‍ക്കിങ് ഗ്രൗണ്ട് സജീവമാകുന്നതോടെ ഈ ഭാഗത്ത് ആളുകളുടെ തിരക്ക് വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അപകടസാധ്യതയും കൂടും. പാര്‍ക്കിങ് ഗ്രൗണ്ട് അടച്ചിടുന്ന സമയങ്ങളില്‍ പരിസരവാസികള്‍ക്ക് സ്ലാബിടാത്ത ഓടയ്ക്ക് മുകളിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ അപകടകരമാകുന്നു. തുറന്നുകിടക്കുന്ന ഓടയുടെ മുഴുവന്‍ ഭാഗത്തും അടിയന്തരമായി സ്ലാബിട്ട് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.