എട്ട് കൊല്ലം ഒളിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി അറസ്റ്റില്‍

ചെറുപുഴ: ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പോക്സോ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ സ്വന്തം ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഒളിവില്‍ പോയ പുളിങ്ങോം പാലാന്തടത്തിലെ പാപ്പിനിവീട്ടില്‍ ശരത്ത് (28)എന്ന കണ്ണനെയാണ് കോഴിക്കോട് നിന്ന് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്ന് മുങ്ങിയ ശരത്ത് കുറച്ചുകാലം ചെന്നൈയില്‍ ജോലി ചെയ്തു. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ചമലില്‍ എത്തി. ഇവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്ത ശരത്ത് ഇവിടെ തന്നെ താമസിച്ചുവരികയായിരുന്നു. ഈ സമയങ്ങളില്‍ ഒന്നും തന്നെ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പോലീസിന് ശരത്തിനെ കണ്ടെത്താനായില്ല. ഇയാള്‍ ബന്ധുക്കളുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ പോലീസ് ഇയാളെ കുറിച്ച് രഹസ്യമായി അന്വേഷിക്കുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ശരത്ത് കോഴിക്കോട് ഉള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് മാസങ്ങളോളമായി പോലീസ് ശരത്തിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവില്‍ ഇന്നലെ പോലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു. ചെറുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജോബി, എസ്ഐ ക്ലിന്‍റ് മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, അഷറഫ് ഗിരീഷ്, ഉമേഷ്, ഹോം ഗാര്‍ഡ് മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.