നീലേശ്വരം: നീലേശ്വരം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യതയേറി. കെ.വി.സുരേഷ്കുമാറാണ് നിലവിലുള്ള പ്രസിഡണ്ട്. കഴിഞ്ഞ മൂന്ന് തവണയായി സുരേഷ്കുമാറാണ് പ്രസിഡണ്ട് . നാലാംതവണ സുരേഷിനെ മത്സരിച്ച് തോല്‍പ്പിക്കാന്‍ ഒരുവിഭാഗം വ്യാപാരികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ടുകൊല്ലമാണ് ഭാരവാഹികളുടെ കാലാവധി. സുരേഷിനെതിരെ കോഴി വ്യാപാരി മൂസയെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. പ്രത്യോദനന്‍, ജ്വല്ലറി വ്യാപാരി വിനീത്, എം.വി.ഭരതന്‍, ആറു വര്‍ഷമായി ഉഡുപ്പിയില്‍ സ്ഥിരതാമസമാക്കിയ മഞ്ചുസ്വാമി തുടങ്ങിയവര്‍ സുരേഷ്കുമാറിനെ പരാജയപ്പെടുത്താന്‍ രംഗത്തുണ്ട്. മെയ് 12 ന് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ്. 680 അംഗങ്ങള്‍ക്കാണ് ഇത്തവണ വോട്ടവകാശം. രാവിലെ 9 മണിക്ക് ജനറല്‍ബോഡിയോഗം. വരവ് ചിലവ് കണക്ക് അവതരണം, സംഘടനാറിപ്പോര്‍ട്ട് അവതരണം, ചോദ്യോത്തരവേള ഇതെല്ലാം കഴിഞ്ഞാല്‍ വോട്ടെടുപ്പിലേക്ക് നീങ്ങും. ഇരുവിഭാഗവും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വോട്ടുപിടുത്തം തുടങ്ങിയിട്ടുണ്ട്. വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകള്‍ സഹായം നല്‍കണമെന്ന് ഏകോപന സമിതി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിലെ നൂറ്കണക്കിന് യൂണിറ്റുകളില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് നീലേശ്വരം യൂണിറ്റാണ്. പത്ത് ലക്ഷം. ഇതിന് സംസ്ഥാന ഏകോപനസമിതി നീലേശ്വരം യൂണിറ്റിനേയും പ്രസിഡണ്ടിനേയും ഉപഹാരം നല്‍കി ആദരിച്ചിരുന്നു. 2008 വരെ പത്തുകൊല്ലം സുരേഷ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടായിരുന്നു.
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരത്തിന് സാധ്യതയേറി