ബാംഗ്ലൂര്‍: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയോടെ തകര്‍ന്നത് കണ്ണീരിന് മുകളില്‍ കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യം. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ക്രിസ്റ്റല്‍ ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു സി.ജെ.റോയി. കൃഷ്ണന്‍ നമ്പൂതിരിയും ഭാര്യ ലതാനമ്പൂതിരിയുമായിരുന്നു ഇതിന്‍റെ ഉടമകള്‍. ഫ്ളാറ്റ് നിര്‍മ്മാണ ബിസിനസായിരുന്നു മുഖ്യം. ക്രിസ്റ്റല്‍ ഗ്രൂപ്പ് വാനംമുട്ടെ വളര്‍ന്നെങ്കിലും പിന്നീട് തളര്‍ന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നമ്പൂതിരിക്കും ഭാര്യക്കും കഴിഞ്ഞില്ല. സമയത്ത് ഫ്ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ല. ഇതോടെ വ്യവഹാരങ്ങള്‍ പോലീസിലും കോടതികളിലുമായി. കൃഷ്ണന്‍ നമ്പൂതിരി ജയിലിലായി. റോയി നമ്പൂതിരിയുടെ ഭാര്യ ലതയുമായി അടുപ്പത്തിലായി. ക്രിസ്റ്റലിലെ വിദഗ്ധരായ തൊഴിലാളികളെ റോയി ഒപ്പം കൂട്ടി കോണ്‍ഫിഡന്‍റ് കമ്പനി രൂപീകരിച്ചു. നമ്പൂതിരിയുടെയും ലതയുടേയും ഒട്ടേറെ സ്വത്തുക്കള്‍ റോയിയുടെ പക്കല്‍ വന്നുചേര്‍ന്നു. ഇതിനിടയില്‍ ബാംഗ്ലൂര്‍ സര്‍ജാപൂരില്‍ ഏക്കറിന് 6000 രൂപ വിലയുള്ള 300 ഏക്കര്‍ ഭൂമി റോയി കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് വേണ്ടി വാങ്ങി. നിസാരവിലക്ക് വാങ്ങിയ പ്രസ്തുത ഭൂമിക്ക് പിന്നീട് സെന്‍റിന് കോടികള്‍ വിലയുയര്‍ന്നു. ഇതോടെ റോയി സമ്പന്നനായി. എന്നാല്‍ ഏറെ വൈകാതെ റോയിയുമായുള്ള ബന്ധം ലത അന്തര്‍ജനം അവസാനിപ്പിച്ചു. പിന്നീട് റോയി വീണ്ടും വിവാഹം കഴിച്ചു. അതില്‍ രണ്ട് മക്കള്‍ ജനിച്ചു. അവരാണ് ഇന്ന് ഒപ്പമുള്ളത്. സെന്‍റിന് 600 രൂപ വിലയുള്ള ഭൂമി കോടികള്‍ക്ക് വില്‍പ്പന നടത്തിയതോടെ റോയിയുടെ പക്കല്‍ പണം കുന്നുകൂടി. റിയല്‍ എസ്റ്റേറ്റ് ബിസിനസും ഫ്ളാറ്റ് നിര്‍മ്മാണവും കൊഴുപ്പിച്ചു.
മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. റോയ്യുടെതായി കണ്ടെത്തിയ ഡയറികുറിപ്പുകളെ ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും താന്‍ ഒരു എക്സ്ട്രീം സ്റ്റെപ് എടുക്കുകയാണെന്നും റോയ് ഡയറിക്കുറിപ്പില്‍ കുറിച്ചിരുന്നു. ആത്മഹത്യാകുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതില്‍ ഉള്ളതെന്നായിരുന്നു വിവരം. വൈകാരികമായ കുറിപ്പില്‍, വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വിവരങ്ങളും പരാമര്‍ശിച്ചിരുന്നു. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയ്യുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയ്യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് ഇവരോട് വിവരങ്ങള്‍ തേടി. ജനുവരി 30നാണ് സി ജെ റോയ് ബാംഗ്ലൂരിലെ സ്വന്തം സ്ഥാപനത്തില്‍ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനില്‍ ചില ഡോക്യുമെന്‍റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്‍റെ സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണം എന്നാല്‍ ഇത് ഉദ്യേഗസ്ഥര്‍ തള്ളി.
സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ആദായനികുതി വകുപ്പിന്‍റെ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്‍റെ വാദവും പോലീസ് ശരിവെച്ചിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കം മൂലമുള്ള മാനസിക സമര്‍ദ്ദമാണ് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. മരിക്കുന്നതിന് മുമ്പ് റോയി എഴുതിയ കത്തില്‍ ഇതിന്‍റെ സൂചനകളുണ്ട്.