ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഒരു പ്രകോപനവുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. ആക്രമണത്തില്‍ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് സൈന്യം രാത്രിമുഴുവന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പ് വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രദേശത്തെ സ്ഥിതിഗതികള്‍ ഇന്ത്യന്‍സേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ പ്രശ്നങ്ങളില്‍നിന്ന് വഴിതിരിക്കുന്നതിനാണ് പാകിസ്താന്‍ നിയന്ത്രണരേഖയില്‍ അടിക്കടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ള രണ്ടു ഭീകരരുടെ വീടുകള്‍ക്കൂടി സുരക്ഷാ സേന തകര്‍ത്തു. പുല്‍വാമയിലെ മുറാദനിലുള്ള അഹ്സാനുല്‍ ഹഖ് ഷെയ്ഖ്, കുല്‍ഗാമിലെ സാക്കിര്‍ അഹമ്മദ് ഗനി എന്നിവരുടെ വീടുകളാണ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇരുവര്‍ക്കും പഹല്‍ഗാം ഭീകരാക്രമണവുമായി പരോക്ഷമായ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പ്രദേശത്തെ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായാണ് പൊളിച്ചുനീക്കലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇരുവരും പാകിസ്താനില്‍നിന്നുള്ള ഭീകരര്‍ക്ക് സഹായം നല്‍കിയിരുന്നു. രണ്ട് ഭീകരരും 2018ല്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോവുകയും അവിടെവെച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നേടുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയിലെത്തി പുല്‍വാമ, ഷോപ്പിയാന്‍ തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീടുകള്‍ തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. കുല്‍ഗാമിലെ തോക്കര്‍പോരയില്‍നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റുചെയ്തതായും റിപ്പോര്‍ട്ടുണ്ട്.