ദില്ലി: യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈല്‍ ആപ്പ് വഴി റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് നീക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഏത് സ്റ്റേഷനില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ്, യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റര്‍ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ നിയന്ത്രണം ഒഴിവാക്കി. ഇത്തരം പരിമിതികളില്ലാതെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ സൗരഭ് കതാരിയ പറഞ്ഞു.
യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, യാത്രക്കാര്‍ക്ക് ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഓണ്‍ലൈനില്‍ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ഉപയോക്തൃ-സൗഹൃദ ഇന്‍റര്‍ഫേസിന് പേരുകേട്ട യുടിഎസ് മൊബൈല്‍ ആപ്പ്, റെയില്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകളില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ അല്ലെങ്കില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്കിടയില്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ദൂര നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് ഇന്ത്യന്‍ റെയില്‍വേ ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുകയും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിനായി യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ആത്യന്തികമായി നീണ്ട ക്യൂവില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.