ടിബറ്റില്‍ അതിശക്തമായ ഭൂചലനം; 18 മരണം; നിരവധി പേര്‍ക്ക് പരിക്ക്

നാഗ്ക്യു: ടിബറ്റ് മേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം വടക്കന്‍ ടിബറ്റിലെ നാഗ്കു മേഖലയാണ്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ചൈനീസ് ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഉയര്‍ന്ന ഒറ്റപ്പെട്ട പര്‍വത മേഖലയാണ് നാഗ്കു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലെവല്‍ രണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് പ്രാദേശികസമയം രാത്രി 10:33നാണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പരിക്കേറ്റവരുടെ എണ്ണം 46 ആണെന്ന് അറിയിച്ചു. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. 339 വീടുകള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.

ദ്രുതകര്‍മസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് മേഖലയിലെ വാര്‍ത്താവിനിമയ, വൈദ്യുതവിതരണ ശൃംഖലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പല കെട്ടിടങ്ങളും നിലംപൊത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ പാങ്കീന്‍ അതിര്‍ത്തിയില്‍ നിന്ന് 500 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം എന്നത് ഇന്ത്യയിലും ആശങ്ക പരത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ നേപ്പാള്‍ ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നല്‍ പ്രളയത്തില്‍ 1,400ലധികം ആളുകള്‍ കൊല്ലപ്പെട്ടതിന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഭൂകമ്പം നാശം വിതച്ചതിന്‍റെയും റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിക്ക് സമീപത്തുണ്ടായ മാരകമായ പ്രളയം നേപ്പാളിന്‍റെ വടക്കന്‍, മധ്യ ഭാഗങ്ങളിലെ വീടുകളും കെട്ടിടങ്ങളും ഒഴുക്കിക്കൊണ്ടുപോയി.

നാഷണല്‍ സെന്‍റര്‍ ഫോര്‍ സിസ്മോളജി പറയുന്നതനുസരിച്ച്, അരുണാചല്‍ പ്രദേശിലെ പാങ്ങിനില്‍ നിന്ന് ഏകദേശം 505 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി, 15 കിലോമീറ്റര്‍ ആഴത്തില്‍, ഇന്ത്യന്‍ സമയം രാത്രി 8:29ന് ചൈനയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.