ബെംഗളൂരു: കര്‍ണാടകയിലെ ബിടതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും 'സിംഗിള്‍ ഡ്രൈവര്‍' ഡ്യൂട്ടിയുമെന്ന് ആരോപണം. കോഴിക്കോട് ഡിപ്പോയിലെ കെഎല്‍ 15 എ 1963 നമ്പര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് റോഡരികിലെ ദിശാസൂചിക ബോര്‍ഡിന്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയില്‍ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂര്‍ സ്വദേശി എന്‍.എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടര്‍ച്ചയായ സര്‍വീസുകള്‍ മൂലം ഡ്രൈവര്‍ക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ബസ് ഓടിച്ച ഡ്രൈവര്‍ മിഥിലേഷ് മൈസൂര്‍ സര്‍വീസ് കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. 10 മണിക്കൂര്‍ ഒരാള്‍ മാത്രം ഡ്രൈവ് ചെയ്യേണ്ട സര്‍വീസും റൂട്ടുമാണിത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്പ് തന്നെ, ഇന്നലെ രാത്രി 9.30ഓടെ ഇദ്ദേഹത്തിന് അടുത്ത ബാംഗ്ലൂര്‍ സര്‍വീസിലും ഡ്യൂട്ടി കയറേണ്ടി വന്നു. താല്‍ക്കാലിക ജീവനക്കാരനായ മിഥിലേഷിന് തുടര്‍ച്ചയായി സര്‍വീസ് നടത്തേണ്ടി വന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് സിംഗിള്‍ ഡ്രൈവര്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഈ റൂട്ടില്‍ ഭൂരിഭാഗം ബസുകളിലും 'ഡ്രൈവര്‍ കം കണ്ടക്ടര്‍' രീതിയാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലാണ് രണ്ട് സര്‍വീസുകളില്‍ മാത്രം സിംഗിള്‍ ഡ്രൈവര്‍ ഡ്യൂട്ടി തുടരുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഇത്തരം സിംഗിള്‍ ഡ്രൈവര്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. അപകടസാധ്യതയും കടുത്ത ജോലിഭാരവും കാരണം സ്ഥിരം ജീവനക്കാര്‍ പലരും ഈ ബസുകളില്‍ ഡ്രൈവറാകാന്‍ തയ്യാറാകാറില്ല. അതിനാല്‍ താത്കാലിക ഡ്രൈവര്‍മാരെ ഉപയോഗിച്ചാണ് ഭൂരിഭാഗം സമയത്തും ഈ സര്‍വീസ് നടത്തിയിരുന്നത്. ഇന്ന് രാവിലെ 9.30ഓടെ ബെംഗളൂരുവില്‍ എത്തിച്ചേരേണ്ട ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ടവരില്‍ അധികവും മലയാളികളാണ്. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബാംഗ്ലൂര്‍ ദുരന്തത്തിന് ഇടയാക്കിയത് വിശ്രമമില്ലാത്ത ഡ്രൈവറുടെ ഡ്യൂട്ടി