ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്‍റെ പരിശീലകനുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. മ്യൂണിക്കില്‍ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയും ജസ്പാലിന് നെഞ്ചുവേദനയുണ്ടായി. ഇന്ത്യയിലെത്തിയ ഉടന്‍ തന്നെ ചികിത്സ തേടി. സുഖംപ്രാപിച്ചുവരുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് വിവരം. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാല്‍. രാജ്യത്തിനായി ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത ജസ്പാല്‍ മെഡലുകള്‍ വാരിക്കൂട്ടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ തന്നെ മികച്ച ഇന്ത്യന്‍ അത്ലറ്റുകളിലൊരാളായിരുന്നു. 2006 ദോഹ ഏഷ്യന്‍ ഗെയിംസിലെ ജസ്പാലിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ജസ്പാല്‍ അന്ന് 25 മീറ്റര്‍ സെന്‍റര്‍ ഫയര്‍ പിസ്റ്റളില്‍ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി. ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന് പിന്നില്‍ ജസ്പാലിന്‍റെ പരിശീലനമായിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്കായി രണ്ട് മെഡലുകള്‍ മനു ഭാക്കര്‍ നേടുന്നതും ജസ്പാലിന് കീഴില്‍ പരിശീലിക്കുമ്പോഴായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി അന്ന് മനു ഭാക്കര്‍. 2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്‍റെ ആദ്യ മെഡലായിരുന്നു ഇത്.
ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ വിടവാങ്ങി