ചൈനീസ് ഫണ്ട്: ന്യൂസ് ക്ലിക്ക് എഡിറ്ററെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യു.എ.പി.എ. കേസില്‍ ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ റിമാന്‍ഡ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റ് ചെയ്യുന്ന സമയത്ത് അതിനുള്ള കാരണം പ്രബീര്‍ പുരകായസ്തയെ അറിയിച്ചില്ല. അതിനാല്‍ യു.എ.പി.എ ചുമത്തിയുള്ള ഡല്‍ഹി പോലീസിന്‍റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അറസ്റ്റിന്‍റെ നടപടിക്രമങ്ങള്‍ ഡല്‍ഹി പോലീസ് പാലിച്ചില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്. ചൈന അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് യു.എ. പി.എ. ചുമത്തി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്ക്ക് എതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രബീര്‍ പുരകായസ്തക്ക് എതിരെ ഡല്‍ഹി പോലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇവയാണ്: ചൈനയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമെതിരെ പെയ്ഡ് വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചൈനീസ് സര്‍ക്കാരിന്‍റെ നയങ്ങളും, പദ്ധതികളെയും പ്രതിരോധിക്കാനും ശ്രമിച്ചു. ചൈനീസ് ടെലികോം കമ്പനികള്‍ക്ക് എതിരായ കേസുകളില്‍ നിയമ സഹായം നല്‍കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് ടെലികോം കമ്പനികളുടെ സഹായം ലഭിച്ചു എന്നും പ്രബീര്‍ പുരകായസ്തക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് ആരോപിച്ചിരുന്നു.

പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്കുലറിസം (പി.എ.ഡി. എസ്.) എന്ന സംഘടനയുമായി ചേര്‍ന്ന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. ജമ്മു കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗം അല്ലെന്ന് വരുത്താന്‍ ന്യൂസ്ക്ലിക് സ്ഥാപകനും കൂട്ടാളികളും ശ്രമിച്ചു. ഈ രണ്ട് പ്രദേശങ്ങളും തര്‍ക്ക ഭൂമി ആണെന്ന് ആഭ്യന്തരതലത്തിലും, അന്തരാഷ്ട്രതലത്തിലും വരുത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി. ഇത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയക്കും എതിരായ പ്രവര്‍ത്തനമാണെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്ന് ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് കര്‍ഷക സമരത്തെ പിന്തുണച്ച് അവശ്യസാധനങ്ങളുടെ വിതരണം തടസ്സപെടുത്താന്‍ ശ്രമിച്ചു. ഇതിനായി വിദേശ ശക്തികളുമായി സഖ്യത്തില്‍ പ്രവര്‍ത്തിച്ചു. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കോടികളുടെ നഷ്ടം ഉണ്ടാക്കുകയും ആയിരുന്നു ഈ സഖ്യത്തിന്‍റെ ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതും കുറ്റമായി കണ്ടു.