ബാംഗ്ലൂര്‍: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ (85) ബാംഗ്ലൂരില്‍ അന്തരിച്ചു. ഒമ്പതുവര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആര്‍എസ്) ഉപഗ്രങ്ങളുടെ പ്രോജക്ട് ഡയറക്ടറായി. 1994 മാര്‍ച്ച് 31ന് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം, മേയില്‍ 114 കിലോ ഭാരമുളള ഐആര്‍എസ് ഉപഗ്രഹ വിക്ഷേപണത്തിനു സമര്‍ത്ഥമായ നേതൃത്വം നല്‍കി. തുടര്‍ന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയടക്കം രാജ്യാന്തരദേശീയതലത്തില്‍ അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വാര്‍ത്തകള്‍ സൃഷ്ടിച്ചു. നേരത്തേ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ വലിയ എതിര്‍പ്പുണ്ടാക്കിയതിന്‍റെ പശ്ചാത്തലത്തില്‍, കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്രകാരമാണ് കസ്തൂരിരംഗന്‍ ഈ ദൗത്യത്തിലെത്തിയത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ആദ്യ ദൗത്യസംഘത്തിനു നേതൃത്വം നല്‍കിയത് പരിസ്ഥിതിശാസ്ത്ര പ്രഫസറായ മാധവ് ഗാഡ്ഗില്‍ ആയിരുന്നു. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള 5 സംസ്ഥാനങ്ങളിലെ മുഴുവന്‍ ആവാസവ്യവസ്ഥയും അതിന്‍റെ ആദിമശുദ്ധിയില്‍ സംരക്ഷിക്കണമെന്നാണ് ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കിയാല്‍ വന്‍തോതില്‍ കൃഷി, വ്യവസായ ഒഴിപ്പിക്കലുകള്‍ വേണ്ടിവരുമെന്ന് ആശങ്ക ഉയര്‍ന്നു. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിന്‍റെ പുനഃപരിശോധനയ്ക്കു നിയോഗിച്ചത്.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു
