ആര്‍.എസ്.എസ് കേരളഘടകം വിഭജിച്ചു

കാഞ്ഞങ്ങാട് : ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ, സംസ്ഥാനത്ത് ആര്‍.എസ്.എസ്. കേരള പ്രാന്തത്തെ രണ്ടായി വിഭജിച്ചുകൊണ്ട് സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി. കേരളത്തില്‍ ഇതുവരെ എറണാകുളം ആസ്ഥാനമായി ഒരു പ്രാന്തമാണുണ്ടായിരുന്നത്.

കേരളത്തിലെ പ്രാന്ത പ്രചാരകിനാണ് പ്രധാന സംഘടനാ ചുമതല. ഈ സംവിധാനമാണ് അഴിച്ചുപണിഞ്ഞത്. ഇനി കേരളത്തില്‍ ആര്‍.എസ്.എസിന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ദക്ഷിണ കേരള പ്രാന്തം, തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഉത്തര കേരള പ്രാന്തം എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ടാവും. നിലവിലുള്ള രണ്ടു സഹ പ്രാന്ത പ്രചാരകന്മാരെ പുതുതായി നിലവില്‍ വരുന്ന പ്രാന്തങ്ങളുടെ ചുമതലയുള്ള പ്രാന്ത പ്രചാരകന്മാരായി നിയമിക്കും. ഇതനുസരിച്ച് കേരളത്തിലെ എല്ലാ പരിവാര്‍ സംഘടനകളിലും മാറ്റം വരും. ഫലത്തില്‍ പരിവാറുമായിചേര്‍ന്ന് നില്‍ക്കുന്ന സംഘടനകളില്‍ ബി.ജെ.പിക്കു മാത്രമാകും കേരളത്തില്‍ ഉടനീളം സംഘടനാ സംവിധാനം ഏകീകൃതമായുണ്ടാകുക.

ബാക്കി പരിവാര്‍ സംഘടനകള്‍ക്കെല്ലാം കേരളത്തില്‍ രണ്ടു നേതൃത്വം ഉണ്ടാകാനാണു സാധ്യത. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വത്തിന് രണ്ട് പ്രാന്തങ്ങളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടി വരും. ആശയക്കുഴപ്പങ്ങളുണ്ടായാല്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക. കേരളത്തില്‍ കൂടുതല്‍ ആഴത്തില്‍ ആര്‍.എസ്.എസിന്‍റെ സംഘടനാ പ്രവര്‍ത്തനം എത്തിക്കാനാണ് ഈ നീക്കം. ഇതുവരെ 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന്‍റെ തുടക്കം മുതല്‍ കേരളം മദിരാശി പ്രാന്തത്തിന്‍റെ ഭാഗമായിരുന്നു. 1964ലാണ് കേരള പ്രാന്തം രൂപീകരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കോട്ട് തിരുവനന്തപുരം റവന്യൂജില്ല വരെയാണ് കേരളപ്രാന്തത്തിന്‍റെ ഭാഗമായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കാസര്‍കോട് ജില്ല പൂര്‍ണമായും കേരള പ്രാന്തത്തിന്‍റെ ഭാഗമായത്.

ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രഫ. എസ്. രമേശന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സഹ പ്രാന്ത പ്രചാരക് കെ പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവരായിരിക്കും. അഡ്വ. കെ.കെ. ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്. പ്രാന്ത പ്രചാരക് എ. വിനോദ്, സഹ പ്രാന്ത പ്രചാരക് വി. അനീഷ്, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത സഹകാര്യവാഹ് പി.പി.സുരേഷ് ബാബു എന്നിവരാണ് മറ്റു ചുമതലക്കാര്‍. കേരള പ്രാന്തത്തിന്‍റെ സഹകാര്യവാഹായിരുന്ന കെ.പി. രാധാകൃഷ്ണന്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങളുടെ ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിക്കും.