ഭാവിഫലം പ്രവചിക്കുന്ന ജോത്സ്യന്‍ ജയിലിലായി

മംഗലാപുരം: എല്ലാവരുടേയും ഭാവി പ്രവചിക്കുന്ന ജോത്സ്യന്‍ തനിക്കുണ്ടാകാന്‍ പോകുന്ന ജയില്‍ വാസം മുന്നില്‍ കാണാന്‍ കഴിയാതെ പീഡനകേസില്‍ ജയിലിലായി. വാസ്തു സംബന്ധമായ സംശയം ചോദിക്കാന്‍ പിതാവിനൊപ്പം എത്തിയ പതിനെട്ടുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബ്രഹ്മാവര്‍, മട്പാടി സ്വദേശി അനന്തനായിക്കാണ് (51) ജയിലിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെയാണ് സംഭവം. അനന്തനായ്ക്ക് കിണറുകള്‍ക്ക് സ്ഥാനവും നിര്‍ണ്ണയിക്കാറുണ്ട്. ഇദ്ദേഹത്തിന് ജലസ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിയുമത്രെ. കൂടാതെ വാസ്തുശില്‍പ്പിയായും അറിയപ്പെടുന്നു. പക്ഷേ മുന്നിലുള്ള തടവറ മുന്‍കൂട്ടി കാണാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. 12 വര്‍ഷമായി ബ്രഹ്മാവര്‍ ബസ്സ്റ്റാന്‍റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് ഇയാള്‍ തന്‍റെ ജോലികള്‍ ചെയ്തിരുന്നത്. പിതാവും മകനും വാസ്തുസംബന്ധമായ കാര്യത്തിനാണ് ഇദ്ദേഹത്തെ മുറിയില്‍ കാണാനെത്തിയത്.

കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയ ശേഷം പിതാവിനെ റൂമിന് വെളിയിലേക്ക് അയച്ചു. തുടര്‍ന്ന് മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പിതാവ് തിരിച്ചെത്തിയപ്പോള്‍ മകന്‍ ഉണ്ടായ കാര്യങ്ങളൊക്കെ വിശദീകരിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതും അറസ്റ്റിലായതും.