ഉന്നതങ്ങളില്‍ ഇംഗ്ലണ്ട്; മെക്സിക്കോയെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍

മെക്സിക്കോ സിറ്റി: നോര്‍വെയ്ക്ക് പിന്നാലെ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഹാരി കെയ്ന്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടി. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയന്‍ ക്വിനോനെസ്, റൗള്‍ ജിമിനെസ് എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിലുടനീളം ഇരു ടീമുകളും ശക്തമായി പോരാടി. ബോള്‍ പൊസഷനിലും ആക്രമണത്തിലും ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിനേക്കാള്‍ മുന്നില്‍ നിന്നതെങ്കിലും ലഭിച്ച അവസരങ്ങള്‍ കൃത്യമായി ഗോളാക്കി മാറ്റിയതാണ് ഇംഗ്ലണ്ടിന് തുണയായത്. ആദ്യ പകുതിയുടെ 36, 38 മിനിറ്റുകളിലായി മിന്നല്‍ വേഗതയില്‍ ഇരട്ട ഗോളുകള്‍ നേടി ബെല്ലിങ്ഹാം മെക്സിക്കോയ്ക്ക് കടുത്ത ഷോക്ക് സമ്മാനിച്ചു. എന്നാല്‍ നാല് മിനിറ്റുകള്‍ക്കകം തന്നെ ക്വിനോനെസിലൂടെ ഒരു ഗോള്‍ മടക്കി മെക്സിക്കോ കളിയിലേക്ക് തിരിച്ചെത്തി.

രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്‍റെ ജാറെല്‍ ക്വാന്‍സാഹ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങി. തുടര്‍ന്ന് സമനിലയ്ക്കായി മെക്സിക്കോ കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും 60ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് 31 ആയി ഉയര്‍ത്തി. പിന്നീട് പ്രതിരോധത്തിലൂന്നിയാണ് ഇംഗ്ലണ്ട് കളിച്ചത്. 69ാം മിനിറ്റില്‍ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജിമിനെസും വലയിലെത്തിച്ചതോടെ സ്കോര്‍ 32 ആയി. പിന്നീട് ഫൈനല്‍ വിസില്‍ മുഴങ്ങും വരെയും മത്സരം സമനിലയിലാക്കാന്‍ ആതിഥേയര്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു.